മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് ജയ്ഷ്-ഇ-മുഹമ്മദ്, സ്ഥിരീകരിക്കാതെ പാകിസ്ഥാന്‍

പാകിസ്ഥാനില്‍ താമസിക്കുന്ന തീവ്രവാദിയും ജയ്‌ഷെ ഇ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് ജയ്ഷ്-ഇ-മുഹമ്മദ്. നേരത്തെ അര്‍ബുദം ബാധിച്ച് മസൂര്‍ അസര്‍ മരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പിന്നീട് പാക് മാധ്യമങ്ങള്‍ തിരുത്തി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നാണ് പാക് മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം ഇത് സ്ഥിരീകരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി തന്നെ മസൂദ് അസ്ഹര്‍ രോഗിയാണെന്നാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നത്. ഇതു കാരണം ഇയാള്‍ വീടിന് പുറത്തേക്ക് പോലും പോകുന്നില്ലെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതോടെ മസൂദ് അസ്ഹറിനെ വിട്ടുതരണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ഇത്തരം ഒരു അഭ്യൂഹം പരക്കുന്നത്.