പൗഡറില്‍ ആസ്ബെസ്റ്റോസ് കണ്ടെത്തി: വിറ്റ 33,000 ടിന്‍ ബേബി പൗഡര്‍ തിരിച്ചു വിളിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

യു.എസില്‍ വിറ്റ 33,000 ത്തോളം ടിന്‍ ബേബി പൗഡര്‍ തിരിച്ചുവിളിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍, ഓണ്‍ലൈന്‍ വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവാങ്ങുന്നത്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്ബെസ്റ്റോസ് .

ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള പൗഡര്‍ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമായെന്ന് ആരോപിച്ച് 15,000ല്‍ അധികം കേസുകളാണ് ഉപഭോക്താക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ നല്‍കിയിട്ടുള്ളത്.