ആക്രമണം തുടർന്ന് ഇസ്രായേൽ; ആശുപത്രികൾ അടച്ചു പൂട്ടുന്നു, കടുത്ത ഇന്ധനക്ഷാമത്തിൽ ഗാസ, യുദ്ധം തുടങ്ങി 18 ദിവസത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ്

ഇസ്രയേൽ വെടി നിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്ന നിലപാട് എടുത്തതോടെ ഇല്ലാതകുന്നത് ഗാസയാണ്. ഇതിനോടകം തന്നെ ദുരന്തഭൂമിയായിക്കഴിഞ്ഞ് ഗാസയിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുമെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ സംഘടന മുന്നറിയിപ്പ് നൽകി.

32 വലിയ ആശുപത്രികളിൽ 12 എണ്ണം ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. ബാക്കിയുള്ളിടത്ത് ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്.മുറിവേറ്റവർ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണമാണുണ്ടാകുക എന്നാണ് സന്നദ്ധ സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്.

അതിനിടെ യുദ്ധത്തിൽ ഇതിനോടകം 18 ദിവസത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഇസ്രയേലില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടു.നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യമാണ് കുട്ടികൾ നേരിടുന്നത്.

കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്.ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.