ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു മാസം; മരണ മുനമ്പായി ഗാസ, ജീവൻ നഷ്ടമായത് 10,000 പേർക്ക്

ഇസ്രയേല്‍- ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നുഴഞ്ഞു കയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസ തകർന്നടിഞ്ഞു. ഗാസയിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കവിഞ്ഞു. ഇസ്രയേലിൽ 1400 പേർക്ക് ഒരു മാസത്തിനിടെ ജീവൻ നഷ്ടമായി.

അടിയന്തര വെടി നിർത്തൽ വേണമെന്ന് ലോക രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേൽ. യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.

ഒക്ടോബർ ഏഴിനാണ് ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ് എന്ന പേരിൽ ഇസ്രയേലിൽ നുഴഞ്ഞു കയറി ഹമാസ് മിന്നലാക്രമണം നടത്തിയത്. ചാരസംഘടനയായ മൊസാദിന്റേയും ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഷിൻ ബെത്തിന്റേയും കണ്ണുവെട്ടിച്ചുള്ള ആക്രമണത്തിൽ ഇസ്രയേൽ മാത്രമല്ല ലോകവും ഞെട്ടി. ഓപ്പറേഷൻ അയേൺ സ്വേഡ് എന്ന പേരിലായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി.

ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവും ഇസ്രയേൽ ശക്തമാക്കിയതോടെ ഗാസ കണ്ണീർ മുനമ്പായി മാറി. 30 ദിവസം കൊണ്ട് 11500 ലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ മാത്രം പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലായിരത്തിലധികം കുഞ്ഞുങ്ങളാണ്. ഓരോ പത്ത് മിനിറ്റിലും ഗാസയിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ.

കെട്ടിടങ്ങളും പാർപ്പിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായി. വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞുങ്ങളും ഗർഭിണികളും അലഞ്ഞു. ഇന്ധനമില്ലാതെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. അവശ്യമരുന്നുകൾ പോലും കിട്ടാനില്ലാത്ത അവസ്ഥ വന്നു. ഗാസയിലൊരിടവും സുരക്ഷിതല്ല. അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. വംശഹത്യയുടെ വക്കിലാണ് ഗാസയിലെ ജനങ്ങൾ.

Read more

ഐക്യരഷ്ട്ര സഭയും ലോകരാജ്യങ്ങളും അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുമ്പോഴും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. സ്വയം പ്രതിരോധമെന്ന് പറഞ്ഞ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുമ്പോൾ ഐക്യരാഷ്ട്ര സഭക്കും ഒന്നും ചെയ്യാനാകുന്നില്ല. ഹമാസ് ബന്ദികളാക്കിയ ഇരുനൂറിലധികം പേരുടെ മോചനവും നീളുകയാണ്.