വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗാസയെ ആക്രമിച്ച് ഇസ്രയേല്‍; 175 പേര്‍ മരിച്ചു; ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള റൂട്ട് മാപ്പ് തെക്കന്‍ ഗാസയില്‍ വിതറി

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗാസയില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഗാസയില്‍ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തുന്ന്. ഭീകരുടെ ഒളിത്താവളങ്ങളായ 210 ഇടങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. വൈകിട്ടുവരെ 175 പേരുടെ മരണം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ എഴുപതോളംപേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റാഫയിലും വ്യാപകമായി ബോംബിട്ടു. തെക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം വീണ്ടും ലഖുലേഖകള്‍ വിതറി. ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.

റഫായിലേക്ക് നീങ്ങാനാണ് പ്രദേശത്ത് വിതറിയ ലഘുലേഖകളിലൂടെ ആവശ്യപ്പെട്ടതെന്നും, എന്നാല്‍ റഫായിലും ആക്രമണമുണ്ടെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.

ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വെടിനിര്‍ത്തല്‍ അവസാനിച്ച അടുത്ത നിമിഷം തന്നെ ഇസ്രായേല്‍ ഗസ്സയില്‍ ബോംബിട്ടത്. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറയുന്നത്.

ഒത്തുതീര്‍പ്പുകളില്ലാതെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. ഗസ്സയെ എല്ലാ ശക്തിയുമുപയോഗിച്ച് തരിപ്പണമാക്കും. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇനിയും തിരിച്ചെത്താത്ത കുട്ടികള്‍ക്കും വേണ്ടി തങ്ങളത് ചെയ്യുമെന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു.

ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അവസാനിച്ചത്. രണ്ടുദിവസത്തേക്കുകൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇസ്രയേല്‍ നിരസിക്കുകയായിരുന്നു.