ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കിയിട്ടേ പിന്‍വാങ്ങൂ; ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കില്ല; വാര്‍ത്തകള്‍ തള്ളി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേല്‍ പരമാധികാരമുള്ള രാജ്യമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരു രാജ്യത്തിന്റെയും സമ്മര്‍ദ്ദം തങ്ങള്‍ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അവസാനത്തെ ഹമാസ് തീവ്രവാദിയെയും ഇല്ലാതാക്കിയ ശേഷമെ ഇസ്രയേല്‍ യുദ്ധമുഖത്ത് നിന്നും പിന്മാറൂ.

ഗാസയില്‍ ഇപ്പോള്‍ നടത്തുന്ന നടപടികളില്‍ യുഎസ് സമ്മര്‍ദമില്ല. യുദ്ധം തുടരുന്നതില്‍നിന്ന് ഇസ്രയേലിനെ യുഎസ് തടഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ അദേഹം തള്ളിക്കളഞ്ഞു. ഇസ്രയേല്‍ പരമാധികാര രാജ്യമാണ്. ഞങ്ങളുടേതായ പരിഗണനകള്‍ അനുസരിച്ചാണ് ഞങ്ങള്‍ യുദ്ധത്തില്‍ തീരുമാനം എടുക്കുന്നത്. അല്ലാതെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ലന്നു നെതന്യാഹു പറഞ്ഞു.

യു.എസ്. പ്രസിഡന്റ് ജോ ബൈഡനോട് സംസാരിച്ചെന്നും വിജയത്തിലെത്തുന്നതുവരെ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ യു.എന്‍. പ്രമേയത്തില്‍ ഇസ്രയേലിനെ പിന്തുണച്ചതില്‍ യു.എസിനും പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹു നന്ദി അറിയിച്ചു.ക്രിസ്മസ് ദിനത്തിലും ഇസ്രയേല്‍ ഗാനയില്‍ വെടി നിര്‍ത്താന്‍ തയാറായിട്ടില്ല.