'ഗാസയില്‍ സഹായവിതരണം തടയരുത്, അവശ്യസാധനങ്ങള്‍ ഉടൻ എത്തിക്കണം'; ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ കർശന നിർദ്ദേശം

ഗാസയിൽ ഭക്ഷ്യസഹായവിതരണം തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചു. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്.

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് കോടതിയുടെ നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

ഗാസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കണം. ഗാസയിലെ ജനങ്ങള്‍ മോശമായ ജീവിത സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. പട്ടിണിയും പടരുകയാണ്. വംശഹത്യ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഇസ്രയേലിനോട് കര്‍ശന നിര്‍ദേശം നല്‍കി.

ഗാസയിലെ 23 ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നുവെന്ന് യുഎൻ, അമേരിക്ക തുടങ്ങി മറ്റ് അന്താരാഷ്ട്ര എൻജിഒകളും ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനോട് ഇതുവരെയും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അന്താരാഷ്‌ട്ര നിയമമനുസരിച്ച്, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.