ഇമ്രാന്‍ ഖാന്റെ അറസ്റ്റ്: പാകിസ്ഥാനില്‍ കലാപം; റോഡ് ഉപരോധിച്ചു, വാഹനങ്ങള്‍ കത്തിച്ചു

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം. വിവിധയിടങ്ങളില്‍ പൊലീസും പിടിഐ പ്രവര്‍ത്തകരം തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

ഇസ്ലാമബാദ് ഹൈക്കോടതിയിലേക്ക് വരുംവഴിയാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇമ്രാന്‍ ഖാന്‍ പ്രതിയായ അഴിമതികേസില്‍ ഇന്നു വിചാരണയ്ക്ക് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ബയോമെട്രിക് മുറിയിലെ ചില്ലുകള്‍ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് അറസ്റ്റ് നടത്തിയത്. ഇതിനിടെ അദേഹത്തെ ശാരീരികമായി പീഡിപ്പിച്ചതായി ബാരിസ്റ്റര്‍ അലി ഗൗഹര്‍ സ്ഥിരീകരിച്ചു.

അറസ്റ്റിന് പിന്നാലെ രാജ്യത്ത് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രധാന നഗരങ്ങളിലെല്ലാം ഭരണകൂടം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇമ്രാഖാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പ്രതിഷേധം ഭയന്ന് ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.