വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹമാസ്; ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തെ ആക്രമിച്ചു; യുദ്ധം ഉടന്‍ ആരംഭിക്കാന്‍ നെതന്യാഹുവില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിമാര്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അഞ്ചാംദിനത്തില്‍ ഇസ്രയേല്‍ സൈന്യത്തെ ആക്രമിച്ച് ഹമാസ്. വടക്കന്‍ ഗാസയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചിരിക്കുന്നത്. ഇതു വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം തുടരുമെന്നും സൈന്യം അറിയിച്ചു.

ഹമാസിന്റെ വെടിവെയ്പ്പില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍, ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേല്‍ സൈന്യമാണ് ഏറ്റുമുട്ടല്‍ തുടങ്ങിവച്ചതെന്ന് ഹമാസ് ആരോപിച്ചു. സൈന്യത്തെ ആക്രമിച്ച ഹമാസിനെ തകര്‍ക്കണമെന്ന് ഇസ്രയേല്‍ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗീര്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

ഖത്തറിന്റെ മാധ്യസ്ഥ്യത്തില്‍ ധാരണയിലെത്തിയ നാലുദിന വെടിനിര്‍ത്തല്‍ തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ബുധന്‍വരെ കടന്നാക്രമണം നിര്‍ത്തിവയ്ക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചത്. ആദ്യ കരാര്‍പ്രകാരം ഇസ്രയേലുകാരായ 50 ബന്ദികളെ ഹമാസും പലസ്തീന്‍കാരായ 150 തടവുകാരെ ഇസ്രയേലും വിട്ടയച്ചു. തിങ്കളാഴ്ച വൈകി നടന്ന നാലാംഘട്ട കൈമാറ്റത്തില്‍ ഹമാസ് 11 ഇസ്രയേലുകാരെയും ഇസ്രയേല്‍ 33 പലസ്തീന്‍കാരെയുമാണ് വിട്ടയച്ചത്. ഇതിനിടെയാണ് ഇന്നലെ രാത്രിയില്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് ഉണ്ടായത്.