ഗാസ വെടിനിർത്തൽ: രണ്ടാം ഘട്ട ചർച്ചകൾ തുടങ്ങിയതായി ഹമാസ്

ഗാസ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ച തുടങ്ങിയതായി ഹമാസ്. ടെലിഗ്രാം ആപ്പിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കുള്ള പാർപ്പിടം, സഹായ വിതരണങ്ങൾ, ഗസ്സ പുനർനിർമാണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഹമാസ് ആശങ്കാകുലരാണ്. വെടിനിർത്തൽ കരാറിലെ മനുഷ്യത്വപരമായ ചട്ടങ്ങൾ നടപ്പാക്കുന്നതിൽനിന്ന് ഇസ്രായേൽ ഒഴിഞ്ഞുമാറുകയും തടയുകയുമാണ്.

ജനങ്ങൾക്ക് വീടും സഹായവും അടിയന്തരമായി ലഭ്യമാക്കേണ്ട മാനുഷിക വിഷയങ്ങളാണ്. അതൊന്നും ഇസ്രായേൽ വൈകിപ്പിക്കുന്നത് സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രസ്താവന. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം വിദേശനേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

Read more

നേരത്തെ കൂടിക്കാഴ്ചയിൽ, ഗാസ മുനമ്പിനെ അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. അവിടെ നിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കുകയും അവിടെ പുനരധിവാസം നടത്തുകയും ചെയ്യുമെന്നാണ് ട്രംപിന്റെ പദ്ധതി. ഇതിനോട് പ്രതികരിച്ചു കൊണ്ട് ഓസ്‌ട്രേലിയയും സൗദി അറേബ്യയും രംഗത്ത് വന്നിരുന്നു.