ശരീരത്തിൽ 'വിഷബാക്‌ടീരിയ' ; നെരൂദയുടെ മരണം കൊലപാതകമോ ?

1973 സെപ്റ്റംബർ 23, സാന്റിയാഗോയിലെ ആശുപത്രിയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ചിലിയൻ കവി പാബ്ലോ നെരൂദ മരണഭയത്തോടു കൂടി ഡ്രൈവറോട് ഫോണിൽ സഹായം തേടിയതിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. പ്രോസ്‌ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് അദ്ദേഹത്തിന്റെ മരണ കാരണമായി അന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, വിഷം ഉള്ളിൽച്ചെന്നാണെന്ന് നെരൂദ മരിച്ചത് എന്ന കണ്ടെത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ഫൊറൻസിക് വിദഗ്‌ധർ ഇപ്പോൾ. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ഫൊറൻസിക് പരിശോധനയിലൂടെ സംഘം കണ്ടെത്തിയിരിക്കുന്നത്. നാഡീവ്യൂഹത്തെ തളർത്തി പതിയെ മരണത്തിലേക്കു നയിക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ബാക്റ്റീരിയയാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം. ഇതോടെ നെരൂദയുടെ മരണം സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ്.

എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ നെരൂദ ചിലെയുടെ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. ഏകാധിപതി അഗസ്റ്റോ പിനൊഷെ ഉൾപ്പെടെ വമ്പൻ ശത്രുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. പിനോഷെയെ പരസ്യമായി എതിർത്തിരുന്ന നെരൂദയുടെ മരണം കൊലപാതകം തന്നെയാണെന്ന് നെരൂദയുടെ മരണം മുതൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ ഉറ്റബന്ധു റൊഡോൾഫോ റെയെസാണ് ഫോറൻസിക്ക് വെളിപ്പെടുത്തലുകൾ പുറംലോകത്തെ അറിയിച്ചത്. നെരൂദയുടെ സുഹൃത്തും ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ ചിലിയൻ പ്രസിഡന്റ് സാൽവദോർ അല്ലെൻഡെ അമേരിക്കയുടെ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ പുറത്തായി.12 ദിവസങ്ങൾക്ക് ശേഷം നെരൂദയുടെ മരണം സംഭവിച്ചു.

പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പിനോഷെയുടെ പട്ടാളമെത്തിയപ്പോൾ അലൻഡെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ നെരൂദ മെക്സിക്കോയിൽ അഭയം തേടാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹം ചിലെയിൽ നിന്ന് പോകുന്നതിന് മുൻപ് ആംബുലൻസെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി. തുടർന്ന് അർബുദ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനാൽ തന്നെ പ്രോസ്‌ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ബന്ധു റൊഡോൾഫോ റെയ്‌സുൾപ്പെടെയുള്ളവർ ഈ വാദം തള്ളുകയും ചെയ്തു. നെരൂദയെ ഭരണകൂട പിന്തുണയോടെ വകവരുത്തിയത് തന്നെയാണെന്ന് വാർത്തകളിലൂടെ അന്ന് പ്രചരിക്കുകയും ചെയ്തിരുന്നു.

മരണം സംഭവിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അദ്ദേഹം പരിഭ്രാന്തനായി ആശുപത്രിയിൽ നിന്നു സഹായം തേടി വിളിച്ചിരുന്ന കാര്യം അദ്ദേഹത്തിന്റെ മുൻ ഡ്രൈവറായ മാനുവൽ അരായയാണു 10 വർഷം മുൻപു വെളിപ്പടുത്തിയത്. ഉറങ്ങുമ്പോൾ തന്റെ വയറ്റിൽ ആരോ കുത്തിവെച്ചുവെന്നായിരുന്നു അദ്ദേഹം ഡ്രൈവറോട് പറഞ്ഞത്. മാനുവൽ അരായയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചിലിയൻ ജഡ്ജി അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധിക്കാൻ ഉത്തരവിട്ടു. നാല് രാജ്യങ്ങളിലെ ലബോറട്ടറികളിലായാണ് നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ അന്ന് പരിശോധിച്ചത്. തുടർന്ന് നെരൂദ കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയാണ് കൂടുതലെന്ന് ചിലെ സർക്കാർ 2015 ൽ സൂചിപ്പിച്ചിരുന്നു.

Read more

2017 ൽ നെരൂദയുടെ മരണകാരണം അർബുദമല്ലെന്നും അദ്ദേഹത്തിന്റെ പല്ലിൽ ബോട്ടുലിസം എന്ന മാരകരോഗാവസ്ഥ ഉണ്ടാക്കുന്ന വിഷബാക്ടീരിയയുടെ അംശം ഉണ്ടായിരുന്നു എന്ന കണ്ടെത്തൽ രാജ്യാന്തര ശാസ്ത്രസംഘം പുറത്തുവിട്ടതോടെ മരണം കൊലപാതകമാണെന്ന് സംശയിച്ചു. നെരൂദയുടെ ഭൗതികാവശിഷ്ടങ്ങളെക്കുറിച്ച് നടത്തിയ മുൻ പഠനങ്ങളുടെ ഫലങ്ങൾ ചർച്ച ചെയ്യാൻ ചിലിയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധർ കഴിഞ്ഞ മാസം മീറ്റിംഗുകൾ ആരംഭിച്ചിരുന്നു. ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അദ്ദേഹത്തിന്റെ എല്ലുകളിൽ കണ്ടെത്തിയതെന്ന് അഭിഭാഷകൻ കൂടിയായ ബന്ധു റൊഡോൾഫോ റെയ്‌സ് കഴിഞ്ഞ ദിവസം സ്പാനിഷ് വാർത്താ ഏജൻസിയായ എഫെയോടു പറഞ്ഞു. ആധുനിക ചിലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നായിരുന്നു പാബ്ലോ നെരൂദയുടെ മരണം.