വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന് മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. വാക്പോര് നടത്തിയിരുന്നവര്‍ നേരില്‍ കണ്ടപ്പോള്‍ പ്രതീക്ഷിച്ചതിലും വളരെ സഹകരണപരമായ ചര്‍ച്ചയായി അത് മാറിയെന്നതാണ് ലോകത്ത് കൗതുകമുണര്‍ത്തിയത്. ഇരുവരും ഒന്നിച്ചുള്ള വാര്‍ത്ത സമ്മേളനവും സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറും ട്രംപിന്റെ നിശിതവിമര്‍ശകനുമായ സൊഹ്റാന് മംദാനി അതിദേശീയവാദത്തിന്റെ മറ്റൊരു പേരായി മാറിയ മഗാ ക്യാമ്പിനോടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും സ്വീകരിച്ച കടുത്തനിലപാടുകളും ട്രംപിന്റെ തിരിച്ചുള്ള വെറിപിടിച്ച പരാമര്‍ശങ്ങളും ചര്ച്ചയാകുന്നതിനിടയിലായിരുന്നു വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച. മംദാനി ‘ഡൊണാള്‍ഡ് ട്രംപിനെ ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ട്രംപാകട്ടെ മംദാനിയെ ‘100% കമ്മ്യൂണിസ്റ്റ് ഭ്രാന്തന്’ എന്നും മുദ്രകുത്തിയിരുന്നു.
മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ട്രംപിന് നേര്‍ക്കുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയ വ്യക്തിയാണ്. പക്ഷേ ഓവല്‍ ഓഫീസില്‍ ഇരു നേതാക്കളും വളരെ സൗഹാര്‍ദ്ദപരമായാണ് ഇടപെട്ടത്. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളേക്കാള്‍ പരസ്പര താല്‍പ്പര്യമുള്ള മേഖലകളിലാണ് ഇരുവരും ചര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടിക്കാഴ്ചയെ ‘മഹത്തായ’താണെന്ന് ട്രംപ് വിശേഷിപ്പിക്കുകയും മംദാനി ‘ചില യാഥാസ്ഥിതിക ആളുകളെ അത്ഭുതപ്പെടുത്താന്‍ പോകുന്നു’ എന്ന് പറയുകയും കൂടി ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ ട്രംപ് പ്രശംസിച്ചതും നിര്‍ണായകമായിരുന്നു. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ അഭിനന്ദിച്ച ട്രംപ് ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് പറഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാന് മംദാനിയെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
സൊഹ്റാന് മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘വളരെ, വളരെ സുഖകരമായ’ അനുഭവമായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. അര മണിക്കൂറിലധികം സമയം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് നല്കുന്ന ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുമെന്നും, നാഷണല്‍ ഗാര്‍ഡിനെ അയക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. എന്താണ് മനസ്സ് മാറ്റിയതെന്ന ചോദ്യത്തിന്, ‘ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് മുമ്പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് എന്ന് ഒരു റിപ്പോര്‍ട്ടര്‍ മംദാനിയോട് ചോദിച്ചു, ‘ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്…’ മംദാനി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നതിനിടയില്‍ ട്രംപ് പെട്ടെന്ന് ഇടപെട്ടു.’അത് കുഴപ്പമില്ല, നിങ്ങള്‍ക്ക് അതെ എന്ന് മറുപടി പറയാന്‍ കഴിയും’ മംദാനിയുടെ കൈയില്‍ തട്ടിക്കൊണ്ട് ട്രംപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ശരി, അതെയെന്ന് മംദാനി പറയുകയും ചെയ്തു.
“That’s okay. You can just say yes. It’s easier than explaining it. I don’t mind.” 🤣🤣🤣 pic.twitter.com/5NpLP6v3gZ
— Rapid Response 47 (@RapidResponse47) November 21, 2025
മംദാനി ഒരു ‘ജിഹാദിസ്റ്റ്’ ആണെന്ന റിപ്പബ്ലിക്കന്‍ നേതാവ് എലീസ് സ്റ്റെഫാനിക്കിന്റെ വാദത്തെ ചൂണ്ടിക്കാട്ടി അങ്ങനെ ഒരു കാഴ്ചപ്പാടുണ്ടോയെന്ന് മറ്റൊരു റിപ്പോര്‍ട്ടര്‍ ട്രംപിനോട് ശക്തമായ ചോദ്യം ഇന്നയിച്ചു. ട്രംപ് ഉടന്‍ തന്നെ’ഇല്ല, എനിക്കില്ല, എന്ന മറുപടി നല്കി. ‘വളരെ യുക്തിസഹമായ ഒരു വ്യക്തിയെയാണ് ഞാന്‍ കണ്ടുമുട്ടിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Asked if trump believes Elise Stefanik’s criticism calling Zohran Mamdani a jihadist, he said no.
“I met with a man who is a very rational person.”
HOLY SHIT.
I’m speechless. pic.twitter.com/bOTgC2WxVq— BrooklynDad_Defiant!☮️ (@mmpadellan) November 21, 2025
‘ചര്‍ച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവര്‍ത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവര്‍ത്തിക്കുന്നുവോ അത്ര സന്തോഷവാനായിരിക്കും ഞാന്‍. ഞങ്ങള്‍ തമ്മില്‍ പൊതുവായി ഒരു കാര്യമുണ്ട്. ഞങ്ങള്‍ സ്നേഹിക്കുന്ന ഈ നഗരം വളരെ മികച്ചതായി മാറണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ യോജിക്കുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഞാനും അതുതന്നെ ആഗ്രഹിക്കുന്നു.
ഇത്തരത്തില്‍ ഡൊണള്‍ഡ് ട്രംപ് മംദാനിയെ പ്രശംസിക്കുമ്പോള്‍ വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരും പണ്ട് ഇരുവരും തമ്മില്കൊമ്പുകോര്ത്ത പല വിഷയങ്ങളും ചര്‍ച്ചയാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമെന്ന മംദാനിയുടെ പരാമര്‍ശത്തെ കുറിച്ച് ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും പറഞ്ഞു ട്രംപ് വിദഗ്ധമായി വിഷയം തിരിച്ചുവിട്ടു.
Read more
അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി. ‘ആദരവിന്റെയും സ്നേഹത്തിന്റെയും ഇടമായ ന്യൂയോര്‍ക്ക് നഗരത്തെക്കുറിച്ചും ന്യൂയോര്‍ക്കിലെ ജനങ്ങളെ സേവിക്കുക എന്ന പൊതുവായ ലക്ഷ്യത്തിലൂന്നിയുമായിരുന്നു ചര്‍ച്ച. ന്യൂയോര്‍ക്കിലെ ജീവിത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തും മംദാനി പറഞ്ഞു. വാഷിങ്ടനിലെത്താന്‍ ട്രെയിനിനു പകരം വിമാനത്തെ ആശ്രയിച്ചത് എന്തിനാണെന്നും ട്രെയിന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് എല്ലാ യാത്രാമാര്‍ഗ്ഗങ്ങളും കൂടുതല്‍ ചെലവ് കുറഞ്ഞതാക്കാന് താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മംദാനിയുടെ മറുപടി. മംദാനി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും യാത്രാദൂരം വളരെ കൂടുതലാണെന്നും ട്രംപ് പ്രതികരിച്ചു.







