ഇന്ത്യ അഭയം നല്‍കിയില്ലായിരുന്നുവെങ്കില്‍ തന്നെ ബംഗ്ലാദേശില്‍വച്ച് കൊല്ലുമായിരുന്നു; കലാപകാരികള്‍ക്കെതിരെ ഹസീന; മുന്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടില്‍ രാജ്യാന്തര തര്‍ക്കം

ഇന്ത്യ അഭയം നല്‍കിയില്ലായിരുന്നുവെങ്കില്‍ കലാപകാരികള്‍ തന്നെ ബംഗ്ലാദേശില്‍വച്ച് കൊല്ലുമായിരുന്നുവെന്ന് ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ താനും സഹോദരി രഹാനയും മരണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും അവര്‍ പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കണ്‍മുന്നില്‍ കണ്ട അനുഭവം വിവരിച്ചത്. തന്നെ കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു.

20-25 മിനിറ്റ് വൈകിയിരുന്നെങ്കില്‍ മരണം ഉറപ്പായിരുന്നു. മഹത്തായ എന്തെങ്കിലും എന്നില്‍നിന്നു പ്രതീക്ഷിക്കുന്നതാകാം ദൈവത്തിന്റെ പദ്ധതി. വീടും നാടുമില്ലാതെ താന്‍ കഷ്ടപ്പെടുകയാണ്. എല്ലാം തീവച്ചുനശിപ്പിച്ചുവെന്നും ഷേഖ് ഹസീന പറഞ്ഞു.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ. ഹസീനയെ വിട്ടുനല്‍കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെ വിസ കാലാവധി ഇന്ത്യ നീട്ടി നല്‍കി.

വിദ്യാര്‍ഥികളുടെ മറവില്‍ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിപദം രാജിവച്ച് രാജ്യംവിട്ട ഹസീന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്.ജൂലൈയില്‍ ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ എഴുപതിലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഹസീനയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ഇടക്കാല സര്‍ക്കാര്‍ ഹസീനയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് വിസ കാലാവധി നീട്ടി നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം. ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസ് വഴിയാണ് കേന്ദ്രസര്‍ക്കാര്‍ ഹസീനയുടെ വീസ കാലാവധി നീട്ടിയത്.ഹസീനയടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്.

Read more

16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.