നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും, ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാനുള്ള വന്‍ സൈനിക നടപടിയെന്ന് ട്രംപ്; ഇറാനിയന്‍ ജനതയോട് പറയാനുള്ളത് നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തിരിക്കുന്നു

ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇറാനെതിരേ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയ്ക്ക് പ്രതിരോധം തീര്‍ക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോയില്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വീഡിയോയിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ സൈന്യം ഇറാനില്‍ വലിയ രീതിയിലുള്ള സൈനിക നടപടികള്‍ ആരംഭിച്ചതായും ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

‘ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തും. അമേരിക്കന്‍ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുത്. ഈ നടപടി അനിവാര്യമായ ഒന്നാണ്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനോടും, സൈനികാംഗങ്ങളോടും മറ്റെല്ലാ സുരക്ഷാ ഉദ്യോഗസ്ഥരോടുമായി പറയുന്നു, ഇന്ന് രാത്രി നിങ്ങള്‍ ആയുധം വെച്ച് കീഴടങ്ങുക, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിക്കുക. നിങ്ങള്‍ ആയുധം താഴെവെച്ച് കീഴടങ്ങിയാല്‍ ന്യായമായ രീതിയില്‍ നിങ്ങളോട് പെരുമാറും.

ഇറാന്‍ ഒരു കാരണവശാലും ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ പാടില്ലെന്നും, അമേരിക്കന്‍ സൈനിക ശക്തിയെ വെല്ലുവിളിക്കരുതെന്ന് ഈ ഭരണകൂടം പഠിക്കുമെന്നും ട്രംപ് എട്ട് മിനിട്ടുള്ള വീഡിയോയില്‍ പറയുന്നു. ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്തിയിരുന്നില്ലെന്നായിരുന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. ഇറാന്റെ ആണവ ചര്‍ച്ചകള്‍ക്കിടെ അവരുടെ നിലപാടില്‍ താന്‍ സന്തുഷ്ടനല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ്-ഇസ്രയേല്‍ സംയുക്തമായി ഇറാനില്‍ ആക്രമണം നടത്തിയിരിക്കുന്നത്. പിന്നാലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനും മിസൈലുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.

ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനോട് ആയുധം വെച്ചു കീഴടങ്ങിയില്ലെങ്കില്‍ മരണത്തെ അഭിമുഖീകരിക്കാനാണ് യുഎസ് പറഞ്ഞിരിക്കുന്നത്. ആയുധം താഴെവെച്ച് കീഴടങ്ങിയാല്‍ ന്യായമായ രീതിയില്‍ നിങ്ങളോട് പെരുമാറുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാനിയന്‍ ജനതയ്ക്കും ട്രംപ് സന്ദേശമറിയിച്ചിട്ടുണ്ട്.

Read more

ഈ രാത്രിയില്‍ ഇറാനിലെ ജനങ്ങളോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തിരിക്കുന്നു. സുരക്ഷിതയിടങ്ങളില്‍ തുടരുക. എല്ലായിടത്തും ബോംബ് വീഴും. എല്ലാം അവസാനിപ്പിച്ച് നിങ്ങളുടെ സര്‍ക്കാരിനെ ഞങ്ങള്‍ പിടിച്ചെടുക്കും. ആ സര്‍ക്കാര്‍ നിങ്ങളുടേത് കൂടിയായിരിക്കും. അടുത്ത തലമുറയ്ക്കുള്ള അവസരമായിരിക്കും അത്. നിങ്ങള്‍ അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ചു, എന്നാല്‍ മുന്‍പ് ഒരിക്കലും ലഭിച്ചില്ല. ഞാന്‍ ഇന്ന് രാത്രി ചെയ്തതുപോലെ മറ്റൊരു പ്രസിഡന്റും ചെയ്യാന്‍ തയ്യാറായില്ല. ഇപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളത് തരാന്‍ പറ്റുന്ന ഒരു പ്രസിഡന്റ് ഉണ്ട്. അതിനാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം.