ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിയെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും മാർക്സിസ്റ്റ് ഭ്രാന്തൻമാർക്ക് രാജ്യത്തെ അടിയറവെയ്ക്കരുതെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിനെ തകർക്കാൻ അനുവദിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച ഐയോവയിൽ നടന്ന റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം. താൻ ന്യൂയോർക്കിനെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ന്യൂയോർക്കിനെ തകർക്കാൻ മംദാനിയെ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 250-ാം വാർഷികത്തിൽ രാജ്യത്തെ മാർക്സിസ്റ്റ് ഭ്രാന്തൻമാർക്ക് അടിയറവെയ്ക്കാൻ വേണ്ടിയല്ല നമ്മുടെ മുൻതലമുറ രക്തം ചിന്തിയതെന്നും ട്രംപ് ഓർമിപ്പിച്ചു.
ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് റാലിയിൽ പറഞ്ഞു. അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാൽ അതിൽ ന്യൂയോർക്ക് നഗരവും ഉൾപ്പെടുന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.