ഒടുവിൽ ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി

ഇന്ത്യയുടെ പിടികിട്ടാ പുള്ളികളിൽ പ്രധാനിയായ ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നത് എന്ന് സമ്മതിച്ച് പാകിസ്ഥാൻ. 1993 ലെ മുംബൈ പരമ്പര സ്‌ഫോടന കേസിൽ മറ്റ് തീവ്രവാദികൾക്കൊപ്പം പ്രതിയായ അധോലോക ഡോൺ അഭയം തേടിയിട്ടില്ലെന്നാണ് പാകിസ്ഥാൻ വർഷണങ്ങളായി പറഞ്ഞിരുന്നത്. എന്നാൽ ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്ന് പാകിസ്ഥാൻ സർക്കാർ ശനിയാഴ്ച പറഞ്ഞു.

തീവ്രവാദികളെ സഹായിക്കുന്നതിനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെളിപ്പെടുത്തിയ 88 നിരോധിത തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലാണ് പാകിസ്ഥാൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കൾക്കും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതായി രാജ്യം അറിയിച്ചു. ഇതിന്റെ ഭാഗമായി ഹഫീസ് സയീദ്, മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം എന്നിവരുൾപ്പെടെ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഉത്തരവിട്ടു.

പാരീസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) 2018 ജൂണിൽ പാകിസ്ഥാനെ കരിംപട്ടികയിൽ ഉൾപ്പെടുത്തുകയും 2019 അവസാനത്തോടെ പ്രവർത്തന പദ്ധതി നടപ്പിലാക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു, കോവിഡ് -19 കാരണം സമയപരിധി പിന്നീട് നീട്ടി.

26/11 മുംബൈ ആക്രമണ സൂത്രധാരൻ ജമാഅത്ത് ഉദ് ദാവ തലവൻ ഹർഫിസ് സയീദ്, ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹർ തുടങ്ങിയ ഭീകര സംഘടനകളുടെ പ്രധാനികൾക്കും അധോലോക ഡോൺ ദാവൂദ് ഇബ്രാഹിമിനും ഉപരോധം പ്രഖ്യാപിച്ച് ഓഗസ്റ്റ് 18 ന് പാകിസ്ഥാൻ സർക്കാർ രണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു.

പാക്കിസ്ഥാനിലെ കറാച്ചിയിലെ “വൈറ്റ് ഹൗസ്, സൗദി പള്ളിക്ക് സമീപം, ക്ലിഫ്ടൺ” എന്നാണ് ദാവൂദ് ഇബ്രാഹിമിന്റെ വിലാസം എന്ന് പാകിസ്ഥാൻ അധികൃതർ പറഞ്ഞു. “ഹൗസ് നു 37 – 30 സ്ട്രീറ്റ് – ഡിഫൻസ്, ഹൗസിംഗ് അതോറിറ്റി, കറാച്ചി”, “കറാച്ചിയിലെ നൂറാബാദിലെ മലയോര പ്രദേശത്തെ പലേഷൽ ബംഗ്ലാവ്” എന്നിവയും ദാവൂദിന്റെ വസതികളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.