24 മണിക്കൂറിനുള്ളിൽ 2.3 ലക്ഷം കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.3 കോടി ആയി

ലോകത്ത് കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോഡ് വർദ്ധന. 24 മണിക്കൂറിനുള്ളിൽ 2,30,370 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗ വ്യാപനത്തിൻറെ തോത് വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടന  ആശങ്ക പങ്കുവെച്ചു. ഇതിനു മുമ്പ് ഒറ്റദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂലൈ 1-0 നായിരുന്നു– 2,28,102 രോഗികൾ.

ലോകത്തെ മൊത്തം മരണസംഖ്യ ഏതാനും ദിവസങ്ങളായി 5,000- ൽ തുടരുകയാണെങ്കിലും യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ രോഗം പടരുകയാണ്.

ലോകമെമ്പാടുമുള്ള കോവിഡ് രോഗികളുടെ എണ്ണം 1.3 കോടിയായി. 75.3 ലക്ഷം പേർ രോഗവിമുക്തരായപ്പോൾ 5.7 ലക്ഷത്തോളം പേർ മരിച്ചു. രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും യുഎസ്, ബ്രസീൽ എന്നിവ ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. രോഗികളുടെ എണ്ണം: യുഎസ്– 33.8 ലക്ഷം, ബ്രസീൽ– 18.4 ലക്ഷം. മരണസംഖ്യ: യുഎസ്–1.37 ലക്ഷം, ബ്രസീൽ 71,500.

അതേസമയം യുഎഇയിലും സൗദിയിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ രോഗം 2,779 പേർക്ക്. ആകെ 2,32,259 രോഗികളിൽ 1,67,138 പേരും സുഖം പ്രാപിച്ചു. ഇന്നലെ 42 മരണം. ആകെ മരണസംഖ്യ 2,223. കോവിഡ് തീർത്ത നാലര മാസത്തെ യാത്രാ ഇടവേളയ്ക്കുശേഷം ഇന്ത്യക്കാർ യുഎഇയിൽ തിരിച്ചെത്തി തുടങ്ങി.