കൊറോണ നഗ്ന നേത്രങ്ങളാല്‍ കാണും; പകല്‍ സമയത്ത് ഭൂമിയില്‍ ഇരുള്‍ പടരും; വരാനിരിക്കുന്നത് അത്ഭുത പ്രതിഭാസം

പകല്‍ സമയത്ത് സൂര്യന്റെ കിരണങ്ങള്‍ മറച്ചുകൊണ്ട് ഭൂമിയില്‍ ഇരുള്‍ പടരും. ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയും. കൊറോണ നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കും. പകല്‍ പോലും രാത്രിയായി അനുഭവപ്പെടും. പറഞ്ഞുവരുന്നത് ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു അത്ഭുത പ്രതിഭാസത്തെ കുറിച്ചാണ്. ഏപ്രില്‍ 8ന് ആണ് ആ അത്ഭുത പ്രതിഭാസം നടക്കുക.

സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയിലെത്തുന്ന ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതിനെ കുറിച്ചാണ് പറഞ്ഞുവന്നത്. 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം. ഏഴ് മിനുട്ട് 50 സെക്കന്റാണ് സംഭവിക്കാനിരിക്കുന്ന ഈ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യും.

ഇതാണ് മുന്‍പ് പറഞ്ഞ നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുന്ന കൊറോണ. ഇത്രയും ദൈര്‍ഘ്യമേറിയ ഒരു സൂര്യഗ്രഹണം കാണാന്‍ ഇനി നിങ്ങള്‍ക്ക് സാധിക്കില്ല. പസഫിക് സമുദ്രത്തിന് മുകളിലായി ഇത്രയും ദൈര്‍ഘ്യമേറിയ അടുത്ത സൂര്യഗ്രഹണം കാണണമെങ്കില്‍ നിങ്ങള്‍ 126 വര്‍ഷം കാത്തിരിക്കണം.

എന്നാല്‍ പിന്നെ വീട്ടിലിരുന്ന് സൂര്യഗ്രഹണം കാണാം എന്ന് വിചാരിച്ചാല്‍ അതിലും പ്രശ്‌നമുണ്ട്. യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്.