അമേരിക്കന്‍ യുദ്ധക്കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന

അമേരിക്കന്‍ യുദ്ധക്കപ്പല്‍ തങ്ങളുടെ സമൂദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന രംഗത്ത്. ജനുവരി 17 ന് അമേരിക്കന്‍ കപ്പലായ യുഎസ്എസ് ഹോപ്പര്‍ ദക്ഷിണ ചൈനാക്കടലിലെ ഹ്വാങ്യന്‍ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ വരെ അടുത്തെത്തിയെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ മേഖലയിലെ പരമാധികാരം സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിച്ചതായും ചൈന അറിയിച്ചു.

കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ അമേരിക്കന്‍ കപ്പലിനോടു തിരികെ പോകാന്‍ ആവശ്യപ്പെട്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് അറിയിച്ചു. യുഎസ് നടപടി രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ലു വ്യക്തമാക്കി. ദക്ഷിണ ചൈനാക്കടലില്‍ ചൈനയും ഫിലിപ്പീന്‍സും അവകാശവാദമുന്നയിക്കുന്ന ദ്വീപാണ് ഹ്വാങ്യന്‍.

അതേസമയം ഈ മേഖലയില്‍ ചൈന കൃത്രിമദ്വീപുകള്‍ നിര്‍മിക്കുന്നതിനെതിരെ അമേരിക്കയും രംഗത്തെത്തി. അവകാശമുന്നയിക്കുന്ന ഇടങ്ങളില്‍ ചൈന സൈനിക വിന്യാസം നടത്തുന്നത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്നാണ് അമേരിക്ക പറയുന്നത്. ഈ സാഹചര്യത്തില്‍ യുഎസിന്റെ നീക്കങ്ങളെ പരമാധികാരം ഹനിക്കപ്പെടുന്നെന്ന കാരണം പറഞ്ഞു പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം.