ബ്രസീല്‍ ജയിലില്‍ സംഘര്‍ഷം; തമ്മില്‍ ഏറ്റുമുട്ടി ഒന്‍പത്‌ മരണം,

ബ്രസീലിയന്‍ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മരണം. 14 പേര്‍ക്ക് പരിക്കേറ്റു. തടവുകാരായ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടുകയായിരുന്നു. ഇവര്‍ ആയുധധാരികളാണെന്നാണ് റിപ്പോര്‍ട്ട്. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവമുണ്ടായിരിക്കുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചയോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ആക്രമണം ആരംഭിച്ചത്. ഇവര്‍ സെല്ലുകളിലുണ്ടായിരുന്ന കിടക്കകളും മൃതദേഹങ്ങളും കത്തിക്കുകയും ചെയ്തു.അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

ഒമ്പതുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ബ്രസീലിയന്‍ ജയിലുകളില്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊടും ക്രിമിനലുകളെ അധികമായി പാര്‍പ്പിച്ചതാണ് ആക്രമണങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണം.

സംഘര്‍ഷത്തിനിടെ 106 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും അതില്‍ 29 പേരെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബ്രസീലിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത് ബ്രസീലീയന്‍ ജയിലുകളിലാണ്.