സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താടി നിര്‍ബന്ധം; പ്രാദേശിക വസ്ത്രം ധരിക്കണമെന്ന് താലിബാന്‍

അഫഗാനിസ്ഥാനില്‍ താടി ഇല്ലാത്തവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിലക്കി താലിബാന്‍. ജീവനക്കാര്‍ കൃത്യമായ ഡ്രസ് കോഡ് പാലിക്കണമെന്നും, അല്ലാത്തപക്ഷം ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കി. പുതിയ നിയമങ്ങള്‍ ജീവനക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ പരിശോധനയും നടത്തുന്നുണ്ടെന്ന് റോയിറ്റേഴസ് റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ സര്‍ക്കാരിന്റെ പബ്ലിക് മൊറാലിറ്റി മന്ത്രാലയമാണ് പരിശോധന നടത്തുന്നത്. മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ പട്രോളിംഗ് നടത്തിയ ശേഷമാണ് ആളുകളെ കടത്തി വിടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും, നീളമുള്ളതും അയഞ്ഞതുമായ പ്രാദേശിക വസ്ത്രം ധരിക്കണമെന്നുമാണ് മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തൊപ്പിയോ തലപ്പാവോ ധരിക്കുന്നതും നിര്‍ബന്ധമാക്കി. കൃത്യസമയത്ത് പ്രാര്‍ത്ഥിക്കുന്നുവെന്ന് ഉറപ്പാക്കാനും താലിബാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

Read more

കഴിഞ്ഞ ദിവസം സ്ത്രീകളുടെ ഒറ്റയ്ക്കുള്ള വിമാന യാത്രയ്ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ പുരുഷന്‍മാര്‍ കൂടെ ഇല്ലാതെ സ്ത്രീകള്‍ യാത്ര ചെയ്യരുതെന്നാമ് നിര്‍ദ്ദേശം. വിദേശത്ത് പഠനത്തിന് പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം ബന്ധുവായ പുരുഷന്‍ ഉണ്ടാകണമെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു.