വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹനവിപണിയായ ഇന്ത്യയിലേക്ക് ഇവി ഭീമനായ ടെസ്‌ല എത്തിയത്. മോഡൽ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് വാഹനങ്ങൾക്ക് വില കൂടുതലാണെന്ന് തുടക്കത്തിൽ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ബ്രാൻഡിൻ്റെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് മോഡൽ Y. ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും മോഡൽ Y ആണ്.
60 kWh, 75 kWh ബാറ്ററി പായ്ക്കുകൾക്കുള്ള ഓപ്ഷനുകളിലായിരിക്കും ഇന്ത്യയിലെ ടെസ്‌ല മോഡൽ Y ഇവിയുടെ റിയർ-വീൽ-ഡ്രൈവ് പതിപ്പ് ലഭിക്കുക. 75 kWh ബാറ്ററി പായ്ക്ക് തന്നെ ഉദാഹരണമായി എടുക്കുകയാണെങ്കിൽ ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ പൂർണ ചാർജിൽ 622 കിലോമീറ്റർ വരെയാണ് വാഗ്ദാനം ചെയ്യുന്നത്.
റിയൽ വേൾഡിൽ അതൊരു 550 കിലോമീറ്റർ എന്ന് വേണമെങ്കിൽ കണക്കാക്കാം. ഇനി നമ്മുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ 5 കിലോവാട്ട് പവറാണെങ്കിൽ കെഎസ്ഇബിയുടെ നിരക്ക് അുസരിച്ച് കിലോവാട്ടിന് 7.50 രൂപയാണ് വരുന്നത്. അങ്ങനയെങ്കിൽ ടെസ്‌ല മോഡൽ Y 550 കിലോമീറ്റർ യാത്ര ചെയ്യാൻ നിങ്ങൾക്ക് ചിലവാകുന്നത് വെറും 316 രൂപയാണ്. അതായത് കിലോമീറ്ററിന് 0.57 പൈസ മാത്രം. ഇതേ ദൂരം പെട്രോൾ വണ്ടിയിലാണ് പോകുന്നതെങ്കിൽ നിങ്ങളുടെ വാഹനത്തിന് 1 ലിറ്റർ പെട്രോളിൽ 15 കിലേമീറ്ററാണ് മൈലേജ് ലഭിക്കുന്നതെങ്കിൽ, 550 കിലോമീറ്റർ പോകാൻ 3464 രൂപ മുടക്കേണ്ടി വരും.
വാഹനത്തിൻ്റെ പവർട്രെയിനിലേക്ക് നോക്കിയാൽ ഏകദേശം 295 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് RWD വേരിയന്റിന് കരുത്ത് പകരുന്നത്. 60 kWh ബാറ്ററിയുള്ള മോജൽ സിംഗിൾ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ടെസ്‌ല പറയുന്നത്. അതേസമയം ടെസ്‌ല മോഡൽ Y ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നു. ഇക്കാരണത്താൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും.
പെർഫോമൻസ് കണക്കുകൾ നോക്കുമ്പോൾ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് 5.9 സെക്കൻഡ് മാത്രം മതിയാകും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം ഹെഡ്‌ലാമ്പുകൾ, വേഗതയേക്കാൾ പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു എയറോഡൈനാമിക് ആകൃതി എന്നിവയാണ് മോഡൽ Y ഇവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
Read more
ഇന്ത്യയിൽ ഏഴോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും 2 ഇന്റീരിയർ ട്രിമ്മുകളിലും മോഡൽ Y ലഭ്യമാകും. എക്സ്റ്റീരിയർ പോലെ ഇന്റീരിയറും ആഡംബരമാക്കാൻ അമേരിക്കൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട് എന്നുവേണം പറയാൻ. റിയർവീൽ ഡ്രൈവ്, ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.