'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നില്‍ക്കക്കള്ളിയില്ലാതെ വെടിനിര്‍ത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍. പാകിസ്താനിലെ രണ്ട് പ്രധാന വ്യോമതാവളങ്ങള്‍ക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തലിനായി അപേക്ഷിക്കുകയായിരുന്നു എന്നാണ് പാക് ഉപപ്രധാനമന്ത്രി പറഞ്ഞത്. രണ്ട് റാവല്‍ പിണ്ടിയിലേയും പാക് പഞ്ചാബിലേയും വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തലിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദര്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ റാവല്‍പിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. കനത്ത തിരിച്ചടിയില്‍ പതറി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചെന്നും പാക് ഉപപ്രധാനമന്ത്രി പറഞ്ഞു. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയപ്പെടുന്ന ഷോര്‍കോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തിലാണ് ഇടപെടുന്നതിനായി യുഎസിനെ പാകിസ്ഥാന്‍ സമീപിക്കുകയും സൗദി അറേബ്യയുടെ സഹായം തേടുകയും ചെയ്തതെന്നാണ് ഇസ്ഹാഖ് ദര്‍ ചാനലിലൂടെ വെളിപ്പെടുത്തിയത്.

റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയിപ്പെടുന്ന ഷോര്‍കോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്നും തുറന്നു സമ്മതിക്കുന്നതോടൊപ്പം ഈ ഘട്ടത്തില്‍ ഭയന്നാണ് മധ്യസ്ഥതയ്ക്കായി സഹായംതേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചതെന്നതും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ 2.30-ന് ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. നൂര്‍ ഖാന്‍ വ്യോമതാവളവും ഷോര്‍കോട്ട് വ്യോമതാവളവും അവര്‍ ആക്രമിച്ചു. 45 മിനിറ്റിനുള്ളില്‍ സൗദി രാജകുമാരന്‍ ഫൈസല്‍ എന്നെ വിളിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതിന് നിങ്ങള്‍ തയ്യാറാകുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു തീര്‍ച്ചയായും സഹോദര, താങ്കള്‍ ഞങ്ങള്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചോളു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്, ജയ് ശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു.

Read more

ഏപ്രില്‍ 22-ന് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിന് മറുപടിയായി, മെയ് 7, 8 തീയതികളിലെ രാത്രിയില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ ഇല്ലാതാക്കി. എന്നിരുന്നാലും, ഈ ഓപ്പറേഷന്‍ ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും കാരണമായി. പാകിസ്ഥാന്‍ നടപടികള്‍ക്ക് ഇന്ത്യ ശക്തമായി മറുപടി നല്‍കി. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിന് ധാരണയിലെത്തുകയായിരുന്നു. ഇപ്പോള്‍ തങ്ങള്‍ മുന്നിട്ടിറങ്ങി അപേക്ഷിച്ചാണ് വെടിനിര്‍ത്തല്‍ സാഹചര്യം ഒരുക്കിയതെന്ന് തുറന്നുസമ്മതിക്കുകയാണ് പാക് ഭരണകൂടം.