നേപ്പാളില്‍ വീണ്ടും ഭൂകമ്പം; ഇതുവരെ 160 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്!

നേപ്പാളില്‍ വീണ്ടും ഭൂകമ്പം. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി. അതേസമയം, വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായാണ് ആദ്യം റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നീടാണ് മരണസംഖ്യ ഉയര്‍ന്നത്. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളിലെ ജജാര്‍കോട്ട്, റുക്കം വെസ്റ്റ് ജില്ലകളിലാണ് നാശനഷ്ടം സംഭവിച്ചത്. ജനസംഖ്യ കുറഞ്ഞ മലയോര ജില്ലകളാണെങ്കിലും രാത്രിയുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിപ്പോയിരുന്നു.

തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുയാണ്. നേപ്പാള്‍ സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയോര മേഖലയിലെ പല റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്.

നിരവധി കുട്ടികളും ഭൂകമ്പത്തില്‍ മരിച്ചു. ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേപ്പാളില്‍ ഈ മാസം ഇത് രണ്ടാമത്തെ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തില്‍ അതീവദു:ഖം രേഖപ്പെടുത്തി.