ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 62,000ത്തോളം പേർ എന്ന് റിപ്പോർട്ട്. ഗസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്. യുദ്ധം ആരംഭിച്ചതിന് ശേഷം 17,000 കുട്ടികൾ ഉൾപ്പെടെ 61,709 പേർ കൊല്ലപ്പെട്ടതായാണ് മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.
47,498 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നതെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. വെടിനിർത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിച്ചു. ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇസ്രായേൽ നടത്തിയ നീണ്ട 15 മാസത്തെ ഭീകരമായ ബോംബാക്രമണങ്ങൾക്കിടയിൽ, തകർന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അടിയിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ജനുവരി 19 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം, ഗസ സിവിൽ ഡിഫൻസിന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട്.







