കുടിവെള്ള ക്ഷാമം; ഓസ്‌ട്രേലിയയില്‍ വെടിവെച്ചു കൊന്നത് 5,000 ഒട്ടകങ്ങളെ

കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച ഓസ്‌ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം കൊന്നൊടുക്കിയത് 5,000 ഒട്ടകങ്ങളെ. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

23000- ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എ.പി.വൈ പ്രദേശത്ത് വരള്‍ച്ച രൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.

10,000 ഒട്ടകങ്ങളെ കൊല്ലാനാണ് ആദ്യം അധികൃതര്‍ തീരുമാനിച്ചത്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കിയിരുന്നു.

1840- ലാണ് ആദ്യമായി ഒട്ടകങ്ങള്‍ ഓസ്‌ട്രേലിയയിലെത്തുന്നത്. തുടന്നുള്ള ആറു ദശകങ്ങളിലായി ഇന്ത്യയില്‍ നിന്ന് 20,000 ഒട്ടകങ്ങളെ ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത് ഓസ്‌ട്രേലിയലെന്നാണ് കണക്ക്. ഒരു ദശലക്ഷത്തില്‍ പരം ഒട്ടകങ്ങള്‍ രാജ്യത്ത് ചുറ്റി സഞ്ചരിക്കുന്നെന്നാണ് കണക്ക്.