ഈ വര്‍ഷം ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ് പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, മരുമകന്‍ ജാരെഡ് കുഷ്നര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്.
ഇത്രയൊക്കെ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് ഒരു ക്രെഡിറ്റും ലഭിച്ചില്ലെന്ന നിരാശയും ട്രംപ് നെതന്യാഹുവിന് മുന്നില്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിലെ തന്റെ ഇടപെടല്‍ ആവര്‍ത്തിയ്ക്കുന്നത്. മൂന്നാം കക്ഷി മധ്യസ്ഥത ആവര്‍ത്തിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ ബഹളങ്ങളില്ലാതെ നിരസിക്കുമ്പോഴാണ് 70 വേദികളിലധികമായി ട്രംപ് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റെടുക്കുന്നത്. ഇന്ത്യ- പാക് പ്രശ്‌നങ്ങളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടാവരുതെന്ന രാജ്യം പാലിച്ചു പോരുന്ന കീഴ്‌വഴക്കം മോദി സര്‍ക്കാര്‍ തെറ്റിച്ചുവെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടയിലും വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിക്കാത്ത രീതിയില്‍ മൃദുസമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ന്യൂഡല്‍ഹിയുടെ എതിര്‍പ്പ് ഒരു തരത്തിലും വകവയ്ക്കാതെ വീണ്ടും ട്രംപ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നു. ഫ്‌ലോറിഡയിലെ പാം ബീച്ചിലെ മാര്‍-എ-ലാഗോയില്‍ നെതന്യാഹുവും പ്രതിനിധി സംഘവുമായി ട്രംപ് നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ വീഡിയോയിലാണ് ഈ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. നയതന്ത്ര ശ്രമങ്ങള്‍ നടത്തിയിട്ടും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ റിപ്പബ്ലിക്കന്‍ നേതാവ് നിരാശ പ്രകടിപ്പിക്കുന്നത് കേള്‍ക്കാം.
‘എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചു, അതിലൊന്ന് അസര്‍ബൈജാന്‍… അത് പറയാന്‍ കഴിയുന്നത് നല്ല കാര്യമാണ്… പിന്നെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ ആ യുദ്ധം പരിഹരിച്ചെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന്, കാരണം ഞാന്‍ 10 വര്‍ഷമായി ശ്രമിക്കുകയായിരുന്നുവെന്ന്. ഞാനത് ഒരു ദിവസം കൊണ്ടാണ് പരിഹരിച്ചത്.
വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവെക്കുമെന്ന താക്കീതിലൂടെയാണ് അത് അവസാനിപ്പിച്ചതെന്നും ട്രംപ് വ്യക്തമാക്കി. ‘ഞങ്ങള്‍ നിങ്ങളുമായുള്ള വ്യാപാരം നിര്‍ത്തും. ഇനി വ്യാപാരമുണ്ടാവില്ലെന്ന് അറിയിച്ചു… പിന്നെ 200 ശതമാനം തീരുവ ഏര്‍പ്പെടുത്തി… അടുത്ത ദിവസം അവര്‍ വിളിച്ചു… 35 വര്‍ഷത്തെ പോരാട്ടം, അവര്‍ നിര്‍ത്തി’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
‘ഇതിനെനിക്ക് ക്രെഡിറ്റ് ലഭിക്കുമോ? ഇല്ല. ഞാന്‍ എട്ടെണ്ണമാണ് അവസാനിപ്പിച്ചത്. ഇന്ത്യയും പാകിസ്താനും എന്തു പറയുന്നു…എന്നിട്ട് ബാക്കിയുള്ളത് ഞാന്‍ നിങ്ങളോട് പറയാം’ ട്രംപ് നെതന്യാഹുവിനോട് പറഞ്ഞു.
Read more
വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി മെയ് പത്തിന് സോഷ്യല്‍മീഡിയയിലൂടെ ആദ്യം പ്രഖ്യാപിച്ചത് ഡൊണാള്‍ഡ് ട്രംപാണ്. ആ പ്രഖ്യാപനത്തിന് ശേഷം 70ലധികം തവണ ട്രംപ് തന്റെ ഇടപെടല്‍ സംബന്ധിച്ച അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.







