തിരുവല്ലയിലെ സി.പി.എം നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്

തിരുവല്ലയിലെ സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി പറഞ്ഞതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് പിന്നിൽ അഞ്ചാംഗ സംഘമാണ് ഇതിൽ നാല് പ്രതികൾ പൊലീസ് കസ്‌റ്റഡിയിലാണ്.

ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട വേങ്ങൽ സ്വദേശി അഭിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നുമാണ് നാല് പ്രതികളും പിടിയിലായത്. മുഖ്യപ്രതി ജിഷ്‌ണു ചാത്തങ്കേരി യുവമോർച്ച മുൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

മുഖ്യപ്രതി ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.

Read more

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. സന്ദീപ് മരിച്ചുവെന്നുറപ്പായ ഉടൻ തന്നെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.