അച്ഛനൊപ്പം ഉഡുപ്പി ഹോട്ടലില്‍ സഹായി ആയി തുടക്കം, പിന്നീട് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍!

ബോളിവുഡിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോയായ സുനില്‍ ഷെട്ടി തന്റെ ജീവിതം ആരംഭിക്കുന്നത് ഉഡുപ്പി ഹോട്ടലില്‍ നിന്നാണ്. സിനിമയില്‍ എത്തുന്നതിന് മുമ്പ് അച്ഛനോടൊപ്പം ഹോട്ടലുകളില്‍ സുനില്‍ ഷെട്ടി ജോലി ചെയ്തിട്ടുണ്ട്. ഉഡുപ്പി ഹോട്ടലില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള കുറിപ്പ് സുനില്‍ ഷെട്ടി ഒരിക്കല്‍ പങ്കുവച്ചിരുന്നു. അച്ഛനാണ് തന്റെ ഹീറോയെന്നും റെസ്‌റ്റോറന്റുകളോട് തനിക്ക് ബഹുമാനമാണെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

സുനില്‍ ഷെട്ടിയുടെ കുറിപ്പ്:

ചെറുപ്പത്തില്‍ ഒന്നുമില്ലാതെയാണ് അച്ഛന്‍ മുംബൈയിലെത്തിയത്. ഒരു ഉഡുപ്പി റെസ്റ്റോറന്റില്‍ മേശകള്‍ വൃത്തിയാക്കിക്കൊണ്ട് അച്ഛന്‍ ജോലി തുടങ്ങി. ഒടുവില്‍ ജോലി ചെയ്തിരുന്ന മൂന്നു റെസ്റ്റോറന്റുകളും അദ്ദേഹം വാങ്ങി. ഹോട്ടല്‍ ഉടമ അതെല്ലാം അച്ഛനു വിറ്റതിന്റെ ഒരേയൊരു കാരണം എന്റെ അച്ഛന്‍ അവരോട് ഓരോരുത്തരോടും നീതി പുലര്‍ത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

അച്ഛന്‍ സ്വന്തമായി ഹോട്ടലുകള്‍ നടത്തി തുടങ്ങിയപ്പോള്‍ ഗ്രാമത്തില്‍ നിന്ന് ഒരു കൂട്ടം ആണ്‍കുട്ടികളെ സഹായത്തിനായി കൊണ്ടുവന്നു. ജോലിയ്ക്ക് ഒപ്പം അവരുടെ താമസം, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കി. എഴുപതോളം ചെറുപ്പക്കാര്‍ റെസ്റ്റോറന്റിന്റെ പരിസരങ്ങളിലായി ഒരുക്കിയ താമസസ്ഥലങ്ങളില്‍ തങ്ങി, അത് അവര്‍ക്ക് വീടായി മാറി. എന്റെ ഡാഡിയെ പോലെയുള്ള നിരവധി റെസ്റ്റോറന്റ് ഉടമകള്‍, ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ഷിഫ്റ്റുകള്‍ നല്‍കുകയും രാത്രി സ്‌കൂളില്‍ ചേരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അടുത്ത തലമുറയേയും അവരുടെ കുടുംബങ്ങളെയും മികച്ച നാളെയ്ക്കായി സജ്ജരാക്കുകയെന്നതായിരുന്നു അതിനു പിന്നിലെ ആശയം. ഹോട്ടലിലെ കുക്കോ കാഷ്യറോ മാനേജര്‍മാരോ ഒക്കെ സ്വന്തമായി ഒരു ഹോട്ടല്‍ ആരംഭിക്കാന്‍ പ്രാപ്തരായി എന്നു തോന്നിയപ്പോള്‍ അച്ഛന്‍ അവരെ സഹായിച്ചു. സമുദായത്തിന്റെ വലിയൊരു വിഭാഗം ആളുകള്‍ വളര്‍ന്നതും അഭിവൃദ്ധി പ്രാപിച്ചതും അങ്ങനെയാണ്. യഥാര്‍ത്ഥ സൗഹൃദവും സമൂഹബോധവുമായിരുന്നു അടിത്തറ. ഉപഭോക്താവ് എല്ലായ്പ്പോഴും അവരെ സംബന്ധിച്ച് പ്രധാനമായിരുന്നു.

എട്ട് പേരടങ്ങുന്ന ഒരു സംഘത്തെ സേവിക്കുന്ന അതേ ആവേശത്തോടെ തന്നെ ഒരു കപ്പ് ചായയ്ക്കായി വന്ന മനുഷ്യനെയും സേവിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു, അതെന്നെ അത്ഭുതപ്പെടുത്തും! റെസ്റ്റോറന്റുകളോട് എനിക്കെന്നും ബഹുമാനമാണ് അതിന്റെ പിന്നിലെ അധ്വാനമെനിക്കറിയാം. അച്ഛന്‍ അന്നും ഇന്നും എന്നും എന്റെ ഗുരുവായി തുടരും. അദ്ദേഹം പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്.