'ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമുള്ള സ്ത്രീകള്‍ സംവരണത്തിന്റെ പേരിൽ പാർലമെന്റിലെത്തും': വിവാദ പരാമർശവുമായി മുതിർന്ന ആർജെഡി നേതാവ്

പാർലമെന്റിലെ വനിതാ സംവരണത്തിന്റെ പേരില്‍ ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമായി സ്ത്രീകള്‍ മുന്നോട്ട് വരുമെന്ന വിവാദ പരാമര്‍ശം നടത്തി മുതിര്‍ന്ന ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദിഖി. ഈ നിയമത്തിനു പകരം പിന്നാക്ക സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും സിദ്ദിഖി പറഞ്ഞു.

‘സംവരണം നല്‍കണമെന്നുണ്ടെങ്കില്‍ അങ്ങേയറ്റം പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കണം. പിന്നാക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കുന്നത് നന്നായിരിക്കും. സ്ത്രീകളുടെ പേരില്‍ ബോബ് കട്ട് മുടിയുള്ളവരും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരും സംവരണം നേടുമ്പോൾ നിങ്ങളുടെ സ്ത്രീകള്‍ക്ക് എന്തെങ്കിലും ലഭിക്കുമോ?’ എന്നായിരുന്നു സിദ്ദിഖിയുടെ പരാമർശം.

ബീഹാറിലെ മുസഫര്‍ നഗറില്‍ പരിപാടിയില്‍ സംവദിക്കേയാണ് അബ്ദുല്‍ ബാരി സിദ്ദിഖി വിവാദ പരാമര്‍ശം നടത്തിയത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ടിവി കാണുന്നതില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാനും സിദ്ദിഖി അനുയായികളോട് ആവശ്യപ്പെട്ടു. സ്വബുദ്ധി ഉപയോഗിക്കാതെ ടിവി കാണുകയും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ പദവിയോ വിദ്യാഭ്യാസമോ ഉയരില്ലെന്നും സിദ്ദിഖി കൂട്ടിച്ചേർത്തു.

അതേസമയം പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചതോടെ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ നിയമമായി. ഇതിനുപിന്നാലെ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് വിജ്ഞാപനവുമിറക്കി. എന്നാല്‍ ബില്‍ ഇപ്പോള്‍ നിയമമായാലും 2027 ന് ശേഷമാകും പ്രാബല്യത്തില്‍ വരിക.