ക്ലബ്ബ്ഹൗസിൽ മുസ്ലിം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ, പൊലീസിനോട് നടപടി എടുക്കാൻ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ക്ലബ്‌ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്പിൽ മുസ്ലിം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) സിറ്റി പൊലീസിന് നോട്ടീസ് അയച്ചു.

“മുസ്ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ്” എന്ന വിഷയത്തിൽ മോശമായ സംഭാഷണത്തിൽ പങ്കെടുത്തവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന്റെ സൈബർ ക്രൈം സെല്ലിനോട് ആവശ്യപ്പെട്ടതായി ഡിസിഡബ്ല്യു പ്രസ്താവനയിൽ പറഞ്ഞു.

മുസ്ലിം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി പ്രസ്താവനയിൽ പറയുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും നടപടി സ്വീകരിച്ച വിശദമായ റിപ്പോർട്ട് 5 ദിവസത്തിനകം സമർപ്പിക്കാനും കമ്മീഷൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു.

“മുസ്ലിം സ്ത്രീകളെയും പെൺകുട്ടികളെയും ടാർഗെറ്റുചെയ്‌ത് അവർക്കെതിരെ വെറുപ്പുളവാക്കുന്ന ലൈംഗിക പരാമർശങ്ങൾ നടത്തിയ ക്ലബ്‌ഹൗസ് ആപ്പിലെ വിശദമായ ഓഡിയോ സംഭാഷണം ആരോ എന്നെ ട്വിറ്ററിൽ ടാഗ് ചെയ്‌തു,” സംഭാഷണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഡിസിഡബ്ല്യു ചെയർപേഴ്‌സൺ സ്വാതി മലിവാൾ പറഞ്ഞു.

“രാജ്യത്ത് ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ എനിക്ക് ദേഷ്യം തോന്നുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ഈ വിഷയത്തിൽ ഉടൻ എഫ്‌ഐആറും അറസ്റ്റും ആവശ്യപ്പെട്ട് ഞാൻ ഡൽഹി പൊലീസിന് നോട്ടീസ് നൽകിയത്.” സ്വാതി മലിവാൾ പ്രസ്താവനയിൽ പറഞ്ഞു.

Read more

മാധ്യമ പ്രവർത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെയുള്ള പ്രമുഖ മുസ്ലിം സ്ത്രീകളെ പ്രായഭേദമന്യേ ഓൺലൈൻ “ലേലത്തിൽ” വച്ച് അപമാനിച്ച ‘ബുള്ളി ബായ്’ വിവാദത്തിന് തൊട്ടുപിന്നാലെയാണ് മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള ക്ലബ്‌ഹൗസ് ചർച്ച വർത്തയാകുന്നത്.