'ഞങ്ങളെ ആക്രമിക്കാതിരിക്കാന്‍ അവള്‍ അക്രമികളെ തടഞ്ഞ് മുമ്പില്‍ നിന്നു'; അലിഗഢില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലിം കുടുംബത്തെ രക്ഷിച്ചത് 24- കാരി

യുവതിയുടെ സമയോചിത ഇടപെടലില്‍ അലിഗഢില്‍ മുസ്ലിം കുടുംബം ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ജട്ടാരിയില്‍ ഞായറാഴ്ചയാണ് സംഭവം. വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ഹരിയായിലെ ബലാബ്ഗഢില്‍ നിന്ന് ഒരു വാനില്‍ വരികയായിരുന്ന മുസ്ലിം കുടുംബമാണ് ആക്രമണത്തിന് ഇരയായത്.

ഇരുചക്രവാഹനങ്ങളിലെത്തിയ ഒരു സംഘം ഇരുമ്പു വടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന പൂജ അക്രമികള്‍ക്കും തങ്ങള്‍ക്കും ഇടയിലായി വന്നു നില്‍ക്കുകയായിരുന്നെന്ന് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ഷാഫി മുഹമ്മദ് അബ്ബാസി പറഞ്ഞു.

രണ്ടരവയസ്സായ ആ കുട്ടിയുടെ മരണത്തില്‍ ദു:ഖിതരാണ് എല്ലാവരുമെന്നും പാവങ്ങള്‍ക്കു നേരെ എന്തിനു ദേഷ്യം കാണിക്കുന്നുവെന്നും പൂജ ആക്രമികളോട് ചോദിച്ചു. ഇതുകേട്ട അക്രമികളിലൊരാള്‍ താക്കോല്‍ തിരികെ നല്‍കിയ ശേഷം രക്ഷപ്പെടാന്‍ പറയുകയായിരുന്നെന്നും ഷാഫി പറയുന്നു. തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ട് അലിഗഢില്‍ എത്തിച്ചേര്‍ന്നു.

അലിഗഢില്‍ രണ്ടര വയസ്സുകാരിയുടെ കൊലപാതകമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംഘപരിവാര്‍ പ്രചാരണം നടത്തിയതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയെന്നും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തെന്നും പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു. രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സാഹിദ്, അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും കുറ്റവാളികള്‍ ശിക്ഷയനുഭവിക്കാതെ പോകരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.