ഗുസ്തി മത്സരങ്ങളിലേക്ക് മടങ്ങി വരില്ല; മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് സാക്ഷി മാലിക്

ഗുസ്തി മത്സരങ്ങളിലേക്ക് മടങ്ങി വരില്ലെന്ന് ഒളിമ്പിക് ജേതാവ് സാക്ഷി മാലിക്. മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഫലം കാണാതെ വന്നതോടെ സാക്ഷി മാലിക് ഗുസ്തി മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സാക്ഷി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിംഗിനെ ഫെഡറേഷന്റെ തലപ്പത്ത് നിന്ന് മാറ്റണമെന്നും നടപടിയെടുക്കണമെന്നും സാക്ഷി മാലിക്കും സഹതാരങ്ങളും ആവശ്യപ്പെട്ടിരുന്നു.

താരങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ബ്രിജ് ഭൂഷണെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് പകരം സഞ്ജയ് സിംഗിനെ നിയമിച്ചു. എന്നാല്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെ നിയമിച്ചതില്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേ സമയം സാക്ഷി മാലിക് മത്സരങ്ങളിലേക്ക് തിരികെ വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഒരു വര്‍ഷത്തിലേറെയായി താന്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും പ്രതിഷേധം തുടരുകയാണെന്നും ഇതിനിടയില്‍ ഗുസ്തി മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.