'കേസുള്ളപ്പോൾ ബിജെപിയെ തൃപ്തിപ്പെടുത്തേണ്ടി വരും, പി ചിദംബരത്തിന് മേൽ സമ്മർദ്ദമുണ്ട്'; ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിവാദത്തിൽ കോൺഗ്രസ്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരവുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. പി ചിദംബരത്തിന് മേൽ സമ്മർദ്ദമുണ്ടെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് കേസുള്ളപ്പോൾ ബിജെപിയെ തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും പറഞ്ഞു. സുവർണ്ണ ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായ തീരുമാനമായിരുന്നുവെന്നായിരുന്നു പി ചിദംബരം പറഞ്ഞത്.

ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തകനായ ഹരീന്ദർ ബവേജയുടെ “ദേ വിൽ ഷോട്ട് യു, മാഡം” എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്യവേ ആയിരുന്നു പി ചിദംബരത്തിന്റെ വിമർശനം. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന തെറ്റ് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ ജീവൻ പോലും ഈ തെറ്റിന് വിലയായി നൽകിയെന്നും പി ചിദംബരം പറഞ്ഞിരുന്നു.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമല്ലെന്നും സൈന്യം, പോലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവയുടെ സംയുക്ത തീരുമാനമായിരുന്നുവെന്നും പി ചിദംബരം കൂട്ടിച്ചേർത്തു. ‘ഞാൻ ഇവിടെ ഒരു സൈനിക ഉദ്യോഗസ്ഥനെയും അനാദരിക്കുന്നില്ല, പക്ഷേ സുവർണ്ണക്ഷേത്രം തിരിച്ചുപിടിക്കാനുള്ള തെറ്റായ മാർഗമായിരുന്നു ഇത്. കുറച്ച് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ പുറത്തുനിർത്തി ഞങ്ങൾ ശരിയായ മാർഗം കാണിച്ചു. ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നു, ഈ തെറ്റിന് ശ്രീമതി ഗാന്ധി തന്റെ ജീവൻ പോലും വില നൽകി എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ തീരുമാനം ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമല്ല. സൈന്യം, പോലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവയുടെ സംയുക്ത തീരുമാനമാണിത്. ഇതിന്റെ കുറ്റം ഗാന്ധിയുടെ മേൽ മാത്രം ചുമത്താൻ കഴിയില്ല. നിങ്ങൾ അത് ചെയ്യുമോ?- പി ചിദംബരത്തിന്റെ വാക്കുകൾ.

Read more