ബിഹാറിലെ വോട്ടർമാരെ തിരിച്ചറിയാൻ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തോട് വിയോജിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇവ മൂന്നും പറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
ആധാർ കാർഡ് വെറുമൊരു തിരിച്ചറിയൽ കാർഡ് മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമാണ് കമ്മീഷൻ വ്യക്തമാക്കിയത്. ബിഹാറിൽ മാത്രമല്ല രാജ്യത്ത് തന്നെ വ്യാജ റേഷൻ കാർഡുകൾ ധാരാളമുണ്ടെന്നും അതിനാൽ റേഷൻ കാർഡും വോട്ടർ പട്ടിക പരിശോധനയിൽ അംഗീകരിക്കാൻ സാധിക്കില്ല.
വോട്ടർ പട്ടികയിൽ അനർഹർ കടന്നുകൂടിയതുകൊണ്ടാണ് പ്രത്യേക പരിശോധന വേണ്ടിവന്നത്. അതിനാൽ ലവിലെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ മാത്രം ആശ്രയിച്ചാൽ ഇപ്പോൾ നടത്തുന്ന പ്രത്യക ദൗത്യം തന്നെ നിഷ്ഫലമായി പോകുമെന്നും കമ്മീഷൻ കോടതിയെ ധരിപ്പിച്ചു. മുമ്പ് വോട്ടർപട്ടികയിൽ ഉള്ള ആളുകൾക്ക് സ്വാഭാവികമായി ലഭിക്കുന്നതാണ് വോട്ടർ ഐഡി കാർഡ്. എന്നാൽ അർഹതയുള്ള വോട്ടർമാരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന പ്രത്യേക പരിശോധനയിൽ വോട്ടർ ഐഡി കാർഡിനെ ആധാരമായി സ്വീകരിക്കാനാകില്ല.
അതേസമയം വോട്ടർ പട്ടികയിൽ പേരില്ല എന്നുള്ളത് കൊണ്ട് ആരുടെയെങ്കിലും പൗരത്വം ഇല്ലാതാകുന്നില്ലെന്നും കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. നിലവിലെ വോട്ടർ പട്ടിക പരിഷ്‌കരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങൾ രാജ്യത്തെ നിയമങ്ങളുടെയോ വോട്ടർമാരുടെ മൗലികാവശങ്ങളുടേയൊ ലംഘനമല്ലെന്നും കമ്മീഷൻ പറഞ്ഞു.
Read more
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടികയിൽ പരിഷ്കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ നൽകിയ ഹർജിയിലാണ് കമ്മീഷൻ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.