ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

രാജസ്ഥാനിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്പോൺസ് ടീമുകളെ രൂപീകരിക്കാനും നിർദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ സംസ്ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നിർദേശം നൽകി.

കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആർ രാജേഷ് കുമാർ മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു.

എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറത്തിറക്കി. വൈറസിന്റെ സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കിയതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാകേഷ് ജോഷി പറഞ്ഞു.

തമിഴ്‌നാട് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി. നിരീക്ഷണം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘നിഗൂഢ ന്യുമോണിയ’ ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.

ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.