'ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ എലികൾ'; റയിൽവേയിലെ ഭക്ഷണത്തിന്റെ സുരക്ഷ ആശങ്കയിലാക്കി വീഡിയോ

ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണവും ശുചിത്വവും ട്രെയിൻ യാത്രക്കാർക്ക് എന്നും ഒരു ആശങ്കയാണ്. ട്രെയിനിലെ ഭക്ഷണത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളതുമാണ്. ഐആർസിടിസി സ്റ്റാളിൽ എലികൾ തുറന്ന ഭക്ഷണം ആസ്വദിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഈ ആശങ്ക വർധിപ്പിക്കുന്നത്.

മധ്യപ്രദേശിലെ ഇറ്റാർസി ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോയാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങൾ @trainwalebhaiya എന്ന ഹാൻഡിൽ നിന്ന് സൗരഭ് എന്ന വ്യക്തി പങ്കിട്ടിരിക്കുന്നതാണ്. വീഡിയോ ഇന്റർനെറ്റിൽ വൻ ശ്രദ്ധ നേടിയിട്ടുണ്ട്.

37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇറ്റാർസി സ്റ്റേഷനിലെ അടച്ചിട്ടിരിക്കുന്ന ഐആർസിടിസി സ്റ്റാളിൽ മുട്ടകൾ, ബ്രെഡ് എന്നിവയിൽ എലികൾ കയറി നടക്കുന്നത് കാണാം. ‘ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ എലികൾ. റെയിൽവേയിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കാതിരിക്കാനുള്ള കാരണം!’- എന്നാണ് വീഡിയോയുടെ ഒപ്പം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

വീഡിയോ വൈറൽ ആയതോടെ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി ഔദ്യോഗിക റെയിൽവേ സേവാ ഹാൻഡിലും പോസ്റ്റിനോട് പ്രതികരിച്ചു. ഭോപ്പാൽ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജരെ ടാഗ് ചെയ്യുകയും ചെയ്തു. അതേസമയം, യാത്രക്കാരുടെ ശുചിത്വത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് വീഡിയോ.