ജയലളിതയുടെ വസതിയായില്‍ 8,376 പുസ്തകങ്ങൾ, നാല് കിലോ സ്വർണം; വേദനിലയത്തിലെ സ്വത്തിൻ്റെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായില്‍ കണക്കെടുക്കുകയാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍. ഏവരെയും അമ്പരിപ്പിക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട നീണ്ട പട്ടിക. നാലര കിലോയോളം സ്വര്‍ണ്ണം, 600 കിലോയിലധികം വെള്ളി. 11 ടിവി, 110 റഫ്രിജറേറ്ററുകൾ‍, 38 എയര്‍ കണ്ടീഷണറുകൾ‍, 29 ടെലിഫോണുകള്‍, 10438 സാരികള്‍, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഒപ്പം ഒന്‍പതിനായിരത്തോളം പുസ്തകശേഖരവും. കോടനാട് എസ്റ്റേറ്റിലും സിരുവത്തൂര്‍ റിസോര്‍ട്ടിലും ഇതേ പുസ്തകങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്

ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമെന്ന് വിശേഷിപ്പിച്ച് അമ്മ വേദവല്ലിയോടുള്ള സ്നേഹം വിളിച്ചോതിയാണ് വീടിന് വേദനിലയമെന്ന് ജയ പേരിട്ടത്. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന വിലാസമായി മാറി പോയസ്ഗാര്‍ഡനിലെ ഈ വസതി. ജയയുടെ ജീവിതം പോലെ തന്നെ നിഗൂഡമായ വേദനിലയത്തിലെ വസ്തുക്കളുടെ കണക്കുകളാണ് തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ മൂന്ന് കോപ്പികള്‍ വാങ്ങുന്നതായിരുന്നു ജയയുടെ ശീലം. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്കൊപ്പം അപൂര്‍വ്വ പുസ്തകശേഖരം കൂടിയാണ് പിന്തുടര്‍ച്ചാവകാശികളെ കാത്തിരിക്കുന്നത്.

സഹോദരൻ്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67 കോടി രൂപ നഷ്ടപരിഹാരം നല്‍കി വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള ചര്‍ച്ച സജീവമാണ്. രണ്ട് പതിറ്റാണ്ടോളം ജയയുടെ നിഴലായിരുന്ന ശശികല ഇതേവീട്ടില്‍ നിന്നാണ് ബെംഗ്ലൂരു ജയിലിലേക്ക് പോയത്.ശിക്ഷാകാലാവധി കഴിഞ്ഞ് ഉടന്‍ പുറത്തിറങ്ങാനിരിക്കേ, കഥകളുറങ്ങാത്ത വേദനിലയം നിത്യസ്മാരകമാക്കണമെന്ന ആവശ്യവും അണ്ണാഡിഎംകെയ്ക്കുള്ളില്‍ ശക്തമാവുകയാണ്. വേദനിലയത്തെ ചുറ്റി തമിഴ് രാഷ്ട്രീയത്തിന്‍റെ കരുനീക്കങ്ങള്‍ വീണ്ടും സജീവമാവുകയാണ്.