കള്ളം പറയുന്നവരുമായി ബന്ധം വേണ്ട; മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ കള്ളം പറഞ്ഞെന്ന ഫഡ്‌നാവിസിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. കള്ളം പറയുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താക്കറെ വ്യക്തമാക്കി. മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത്ഷാ ഉറപ്പു നല്‍കി. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്ന് ഉദ്ധവ് വ്യക്തമാക്കി.

‘ഞാന്‍ കള്ളം പറഞ്ഞെന്നാണ് ഫഡ്‌നാവിസ് ആരോപിക്കുന്നത്. ഞങ്ങള്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. അമിത് ഷായും ഫഡ്‌നാവിസും എന്നെ കാണാനാണ് വന്നത്. ഞാന്‍ അവരെ പോയി കണ്ടിട്ടില്ല. സ്ഥാനങ്ങള്‍ തുല്യമായി പങ്കിടണമെന്ന ആവശ്യം അമിത് ഷാ അംഗീകരിച്ചിരുന്നു. റൊട്ടേഷന്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും അമിത് ഷാ സമ്മതിച്ചതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. എന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താത്പര്യമില്ല’- താക്കറെ വ്യക്തമാക്കി.

കര്‍ണാടകയിലേതിന് സമാനമായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഞാന്‍ വെല്ലുവിളിക്കുന്നു. അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ അവരുടെ വഴി നോക്കും. മുഖ്യമന്ത്രി പദത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അത് ഞാന്‍ എന്റെ പിതാവ് ബാല്‍ താക്കറെക്ക് നല്‍കിയ വാക്കാണെന്നും ഉദ്ധവ് വ്യക്തമാക്കി.

രാജിപ്രഖ്യാപനത്തിന് ശേഷം ഫഡ്‌നാവിസ് ശിവസേനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജിക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശിവസേനയെ ഫഡ്‌നാവിസ് കടന്നാക്രമിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ഒരിക്കലും ശിവസേനക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഉദ്ധവ് താക്കറെയുമായി പല തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.