'സവര്‍ക്കറെ വിശ്വസിക്കാത്തവര്‍ മര്‍ദ്ദനമേല്‍ക്കേണ്ടവര്‍'; ഉദ്ധവ് താക്കറെ

വീര്‍ സവര്‍ക്കറില്‍ വിശ്വസിക്കാത്തവര്‍ മര്‍ദ്ദനമേല്‍ക്കേണ്ടവരാണെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.

“വീര്‍ സവര്‍ക്കറില്‍ വിശ്വസിക്കാത്തവര്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതില്‍ അദ്ദേഹത്തിന്റെ പ്രാധാന്യവും പ്രയത്‌നവും തിരിച്ചറിയുന്നില്ല. അങ്ങനെയുള്ളവര്‍ പരസ്യമായി മര്‍ദനമേല്‍ക്കേണ്ടവരാണ്. മുന്‍പ് രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തെ അപമാനിച്ചിരുന്നു” വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഉദ്ധവ് താക്കറെ ഇക്കാര്യം പറഞ്ഞു.

ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയാക്കി ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നോര്‍ത്ത് ക്യാമ്പസില്‍ എ.ബി.വി.പി പ്രതിമ സ്ഥാപിച്ചത് വിവാദമായിരുന്നു. വി.ഡി സവര്‍ക്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പ്രതിമയടങ്ങിയ തൂണ്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ശ്രദ്ധയില്‍പ്പെട്ടത്.

“ഇത്തരമൊരു സ്മാരകം സ്ഥാപിക്കാന്‍ അനുമതി തേടി പലതവണ ഞങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് എഴുതിയിരുന്നു. കഴിഞ്ഞ നവംബറില്‍, മാര്‍ച്ചില്‍ ഏപ്രിലില്‍, ആഗസ്റ്റില്‍ എന്നിങ്ങനെയായിരുന്നു പരാതി. പക്ഷേ യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ തന്നെ അത് ചെയ്യാന്‍ തീരുമാനിച്ചു” ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ശക്തി സിങ് പ്രതികരിച്ചു.

തുടര്‍ന്ന് പ്രതിമ സ്ഥാപിച്ചതിനെതിരെ എന്‍.എസ്.യു.ഐയും ഐസയും രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചതിനെയാണ് ഇവര്‍ എതിര്‍ത്തത്. ഡല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു.ഐ നേതാക്കള്‍ ചെരിപ്പുമാല അണിയിക്കുകയും പ്രതിമയുടെ മുഖത്ത് കരിപുരട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.