ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം മൃദുവായിരുന്നു; എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടത്: എ രാജ

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പ്രസ്താവനയെ പിന്തുണച്ച് എംപിയും ഡിഎംകെ നേതാവുമായ എ രാജ. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്ന് എ രാജ പറഞ്ഞു. സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് രാജ കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മ്മം അനുസരിച്ച് ഹിന്ദു കടല്‍ കടന്ന് പോകരുത്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന നരേന്ദ്ര മോദി സനാതന ധര്‍മ്മത്തെ മറികടന്ന് പോകുന്നയാളാണ്. ഈ തത്വം ലംഘിച്ചാണ് മോദി സനാതന ധര്‍മ്മത്തെ സംരക്ഷിക്കണമെന്ന് പറയുന്നത്.

തൊഴില്‍ വിഭജനം ലോകത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വിഭജിക്കുന്ന രീതി ഇന്ത്യയില്‍ മാത്രമേ ഉള്ളൂവെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്നും എ രാജ അഭിപ്രായപ്പെട്ടു.

സനാതന ധര്‍മ്മം തുല്യതയ്ക്കും സാമൂഹ്യ നീതിയ്ക്കും എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഉദയനിധിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.