ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തക്കെതിരായ യുഎപിഎ; 10,000 പേജുള്ള കുറ്റപത്രം ട്രങ്ക് പെട്ടിയിൽ കോടതിയിൽ എത്തിച്ചു

ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെയുള്ള യുഎപിഎ കേസിലെ കുറ്റപത്രം ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഉടൻ സമർപ്പിക്കും. ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെൽ 10,000 പേജുള്ള കുറ്റപത്രം കോടതിയിൽ എത്തിച്ചു. കുറ്റപത്രത്തിൻ്റെ പകർപ്പും പ്രസക്തമായ രേഖകളും ട്രങ്ക് പെട്ടിയിലാണ് പൊലീസ് സംഘം കോടതിയിൽ എത്തിച്ചത്.

ന്യൂസ് പോർട്ടലിൻ്റെ എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ശ്രീലങ്കൻ-ക്യൂബൻ വംശജനായ വ്യവസായിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രചാരണവിഭാഗത്തിലെ സജീവ അംഗവുമായ നെവിൽ റോയ് നെവിൽ റോയ് സിംഗാമിനെയും കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പ്രബീറിനെയും ന്യൂസ്‌ക്ലിക്കിൻ്റെ എച്ച്ആർ വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയ പോലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്തിരുന്നു. കേസിൽ അമിത് ചക്രവർത്തി മാപ്പുസാക്ഷിയായി മാറിയിരുന്നു.

പ്രബീര്‍ പുരകായസ്തയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ എഫ്ഐആറില്‍ ചുമത്തിയിരുന്നത്. ചൈന അനുകൂല പ്രചാരണം നടത്താൻ ന്യൂസ് പോർട്ടലിന് പണം കൈപ്പറ്റിയെന്നാരോപിച്ച് തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തിരിക്കുന്നത്.

ന്യൂസ് പോർട്ടൽ ചൈനീസ് സ്ഥാപനങ്ങളിൽനിന്ന് 80 കോടിയിലധികം രൂപ കൈപ്പറ്റിയതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങൾ എഫ്‌ഐആറിൽ ഉന്നയിച്ചിരുന്നു.

ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്ഐആറില്‍ പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിച്ചുവെന്ന് തുടങ്ങി, കോവിഡ് 19 കാലത്ത് സർക്കാർ നയങ്ങളെ വിമർശിച്ചു, കർഷകസമരത്തെ അനുകൂലിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളും പോലീസ് പ്രബീര്‍ പുരകായസ്തയ്ക്കെതിറീ ആരോപിക്കുന്നുണ്ട്.

ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച 2019 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും കശ്‌മീരും അരുണാചൽപ്രദേശും തർക്കപ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും ആരോപണങ്ങളിൽ പറയുന്നു. പ്രബീർ പുരകായസ്തയ്‌ക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി കോടതി പൊലീസിന് 10 ദിവസം കൂടി അനുവദിച്ചതിന് ദിവസങ്ങൾക്കു ശേഷമാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.