തനിക്ക് നഷ്ടപ്പെട്ട മകനുവേണ്ടിയുള്ള തിരിച്ചടിയാണിത്; കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്ന് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകനുവേണ്ടിയുള്ള തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നടത്തിയതെന്ന് കൊല്ലപ്പെട്ട കശ്മീരി യുവാവ് സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ പിതാവ്. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുതിരക്കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പതിനഞ്ചാം നാള്‍ പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം ഭീകരര്‍ക്ക് നേരെ നടത്തിയ തിരിച്ചടിയിലാണ് ആദിലിന്റെ പിതാവ് സയ്യിദ് ഹൈദര്‍ ഷാ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ നഷ്ടപ്പെട്ട മകനു വേണ്ടിയുള്ള തിരിച്ചടിയെന്നാണ് ഹൈദര്‍ ഷാ പറഞ്ഞത്.

ഇത്തരത്തിലൊരു സൈനിക നടപടിയെടുത്തതിന് സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹൈദര്‍ ഷാ നന്ദി അറിയിച്ചു. ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്നും ഹൈദര്‍ ഷാ കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കി നല്‍കിയെന്ന് ആദില്‍ ഹുസൈന്റെ സഹോദരന്‍ സയ്യിദ് നൗഷാദും അഭിപ്രായപ്പെട്ടു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ 15 കശ്മീരികള്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂഞ്ച് സെക്ടറിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജനവാസ മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.