അസമില്‍ കാസിരംഗ എലവേറ്റഡ് കോറിഡോറിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു കൊണ്ട് കേരളത്തെ ഉദാഹരണമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി പുകഴ്ത്തല്‍. കേരളത്തിലെ തിരുവനന്തപുരത്ത് പോലും ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് മേയറുണ്ടെന്നും ഇപ്പോള്‍ രാജ്യത്തെ എല്ലാവരുടേയും ആദ്യ ചോയ്സ് ബിജെപിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഭാഷ്യം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തുടര്‍ച്ചയായ വളര്‍ച്ച നരേന്ദ്ര മോദി പ്രശംസിച്ചത്.
അസമില്‍ കോണ്‍ഗ്രസ് ഭരണക്കാലത്ത് വോട്ടിനു വേണ്ടി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഭൂമി വിട്ടുകൊടുത്തുവെന്ന ആക്ഷേപവും അസമില്‍ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. അസമിലെ നഗാവോണ്‍ ജില്ലയില്‍ 6,957 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാസിരംഗ എലവേറ്റഡ് കോറിഡോറിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച ശേഷമായിരുന്നു 12 കൊല്ലമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ ആരോപണം. പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് അസമില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചുകൊണ്ടിരുന്നു എന്നും അനധികൃത കുടിയേറ്റക്കാര്‍ വനങ്ങളും വന്യജീവി ഇടനാഴികളും പാരമ്പര്യ സ്ഥാപനങ്ങളും കൈയേറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഭൂമി കൈയേറിയ നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ചുകൊണ്ട് അസമിന്റെ സംസ്‌കാരം സംരക്ഷിച്ചത് ബിജെപിയാണെന്ന് കൂടി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസ് നിഷേധാത്മക രാഷ്ട്രീയത്തിന്റെ സന്ദേശം നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാരുടെ ആദ്യ ചോയ്സ് ബിജെപിയാണെന്നും പറഞ്ഞ മോദി നല്ല ഭരണത്തിനും വികസനത്തിനും വോട്ടര്‍മാര്‍ ബിജെപിയെ വിശ്വസിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 20 വര്‍ഷത്തെ ഭരണത്തിനു ശേഷവും ജനങ്ങള്‍ പാര്‍ട്ടിക്ക് റെക്കോര്‍ഡ് വോട്ടുകളും സീറ്റുകളും നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read more
രണ്ട് ദിവസം മുമ്പ്, മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലേക്കുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നായ മുംബൈ, ബിജെപിക്ക് ചരിത്രപരമായ ഒരു ജനവിധി നല്‍കി, പാര്‍ട്ടിയെ ആദ്യമായി വിജയിപ്പിച്ചു… കേരള മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ബിജെപിയെ വളരെയധികം പിന്തുണച്ചു, തിരുവനന്തപുരത്ത് ആദ്യമായി ഒരു ബിജെപി മേയറെ ലഭിച്ചു.







