'തങ്ങൾ ക്രൈസ്‌തവർ, വീട്ടുകാർ അറിഞ്ഞ് നടത്തിയ യാത്ര'; ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി രംഗത്ത്. നേരത്തെ തന്നെ തങ്ങൾ ക്രിസ്തുമത വിശ്വാസികൾ ആണെന്നും കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും പെൺകുട്ടി പറഞ്ഞു.

ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. അതിനിടെ മതം മാറ്റുന്നവരെ മർദിക്കുന്നത് തുടരുമെന്നാണ് സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനാ നേതാവ് ജ്യോതി ശർമ പ്രതികരിച്ചു. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു.

ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നിവ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുക ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും ജ്യോതി ശർമ്മ പറഞ്ഞു. അതേസമയം ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പറഞ്ഞു.

Read more