ഗവര്‍ണറുടെ നിലപാടിന് അംഗീകാരം; സര്‍ക്കാരിന് കനത്ത തിരിച്ചടി; സിസ തോമസിനെതിരായ ഹര്‍ജി വാദംപോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പേരില്‍ വിമര്‍ശനം കടുപ്പിച്ച് സുപ്രീംകോടതി. സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളികൊണ്ടാണ് ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തതെന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണര്‍-സര്‍ക്കാര്‍ പ്രശ്നത്തില്‍ ജീവനക്കാരെ ബലിയാടാക്കരുതെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സിസ തോമസിനെതിരെയായ അച്ചടക്കനടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് വിമര്‍ശനത്തോടെ കോടതി തള്ളിയത്. ജസ്റ്റീസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ തന്നെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ വിശദമായ വാദം കേള്‍ക്കാനോ നോട്ടീസ് അയയ്ക്കാനോ സുപ്രീംകോടതി തയാറായില്ല.

സാങ്കേതിക സര്‍വകലാശാല വിസി രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് താത്ക്കാലിക വിസിയായി സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതോടെ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ നടപടിക്കെതികെ സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാരിന്റെ അച്ചടക്കനടപടികള്‍ കോടതി തടഞ്ഞു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തി വീണ്ടും തിരിച്ചടി വാങ്ങിയിരിക്കുന്നത്.