പാകിസ്ഥാന്‍ സേനയുടെ പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കിയെന്ന് വ്യക്തമാക്കി രാജ്യത്തോട് ആക്രമണത്തെ കുറിച്ച് വിശദീകരിച്ച് ഇന്ത്യന്‍ സേന. ജനവാസമേഖലകളിലും ഇന്ത്യയുടെ സൈനിക വ്യോമതാവളങ്ങളെ ലക്ഷ്യമാക്കിയും പാകിസ്ഥാന്‍ ആക്രമണം കടുപ്പിച്ചു. ഇന്ത്യ പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും തകര്‍ത്തുവെന്നും സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തുവെന്നും സൈന്യം. ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സേന വിശദീകരിച്ചു. ഇന്ത്യയുടെ സൈനിക താവളങ്ങള്‍ തകര്‍ത്തെന്ന നുണപ്രചാരണം പൊളിക്കാന്‍ ഇപ്പോഴത്തെ ദൃശ്യങ്ങളും പങ്കുവെച്ച് സൈന്യം. ഒരു പ്രശ്നവും സൈനിക താവളങ്ങളില്‍ അവര്‍ അവകാശപ്പെടുന്ന പോലെ നടന്നിട്ടില്ലെന്നും സേന വ്യക്തമാക്കി. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം കൂട്ടുന്നുവെന്നും ഇന്ത്യന്‍ സേന.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ബ്രീഫിംഗില്‍ ഇന്നലെ രാത്രി ഉധംപൂര്‍, പത്താന്‍കോട്ട്, ഭട്ടിന്‍ഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ച് ആ ശ്രമങ്ങള്‍ തകര്‍ത്തെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, ഇന്ത്യന്‍ വ്യോമസേനയിലെ (ഐഎഎഫ്) വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പതുവുപോലെ വിദേശകാര്യ- പ്രതിരോധ മന്ത്രാലയ വാര്‍ത്ത സമ്മേളനം. പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടികള്‍ പ്രകോപനപരമായിരുന്നു, അതനുസരിച്ച് ഇന്ത്യ അതേ രീതിയിലാണ് തിരിച്ചടിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ഇന്ത്യയ്ക്ക് മേല്‍ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ ഉപയോഗിച്ചുവെന്നും സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര വേധന ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ പ്രകോപനം തുടരുന്നെന്നും പ്രതിരോധ മന്ത്രാലയും വ്യക്തമാക്കി. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈൽ ആക്രമണങ്ങളും പാകിസ്ഥാന്‍ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങൾക്ക് സമീപമുള്ള മെഡിക്കൽ സെന്ററിലും സ്കൂളിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും സൈന്യം സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക് രീതി ഭീരുത്വമാണെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു,
Read more
പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അവര്‍ ഡ്രോണുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, സൂയിസൈഡല്‍ ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചു… ഇന്ത്യ നിരവധി അപകടങ്ങളെ നിര്‍വീര്യമാക്കി, പക്ഷേ പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചു, ഉധംപൂര്‍, ഭുജ്, പത്താന്‍കോട്ട്, ബട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളില്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും സൈന്യം തിരിച്ചടിച്ചു. ചെറുത്തുനില്‍പ്പിനിടയില്‍ ചില ഉപകരണങ്ങള്‍ക്ക് ചെറി നാശനഷ്ടമുണ്ടാകുകയും സൈനികരില്‍ ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി അവര്‍ അതിവേഗ മിസൈലുകള്‍ ഉപയോഗിച്ചു. അവര്‍ ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും പോലും ആക്രമിച്ചു. സൈന്യം എല്ലായിടത്തും ആക്രമണങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചു.