ജുഡീഷ്യല്‍ സംവിധാനം ശക്തിപ്പെടുത്തണം; അംഗബലവും അടിസ്ഥാനസൗകര്യവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. കോടതി വ്യവഹാരങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തിലാക്കണം. അതിനായി പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിക്കാന്‍ ഇടയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2047ല്‍ ജുഡീഷ്യല്‍ സംവിധാനം എങ്ങനെയായിരിക്കണമെന്ന് ആലോചിക്കണമെന്നും പൊലീസുകാരുടെ അന്യായ അറസ്റ്റും പീഡനവും അവസാനിപ്പിക്കണമെന്നും മോദി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം നടക്കുന്നത്. പിണറായി വിജയന്‍ ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോയിരിക്കുന്നതിനാല്‍ കേരളത്തിന്റെ പ്രതിനിധിയായി മന്ത്രി പി രാജീവാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.