'തമിഴക വെട്രി കഴകം'; തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ്; രാഷ്ട്രീയത്തിലും ദളപതിയാകാന്‍ കരുനീക്കങ്ങള്‍

തമിഴ് രാഷ്ട്രീയത്തിലും ദളപതിയാകാന്‍ സൂപ്പര്‍ താരം വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയാണ് ലക്ഷ്യമെന്ന് വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ലെന്നും വിജയ് വ്യക്തമാക്കി.

രാഷ്ട്രീയം തനിക്ക് അഭിനയത്തിന് ഇടക്കുള്ള ഹോബിയല്ല. ഏറെക്കാലമായി തന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിന് വേണ്ടിയായിരുന്നെന്നും വിജയ് വ്യക്തമാക്കി. തമിഴക വെട്രി കഴകം ഇന്ത്യന്‍ ഭരണഘടനയും തമിഴ്നാടിന്റെ സംസ്ഥാന അവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് അദേഹം വ്യക്തമാക്കി.

എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് വ്യക്തിഗത പക്ഷം പിടിക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഘടകകക്ഷിയാകുമോ എന്നു കാത്തിരിക്കുകയാണ് തമിഴകം.