'ദ കേരള സ്റ്റോറി' ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കില്ല; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും; നിലപാടുമായി തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍

വിവാദമായ ‘ദ കേരള സ്റ്റോറി’ തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമസ്ഥരുടെ അസോസിയേഷന്‍. ചെന്നൈയിലെ പിവിആര്‍ ഉള്‍പ്പെടെയുള്ള തിയറ്ററുകള്‍ക്ക് നേരെ അക്രമം ഉണ്ടാവുകയും ടിക്കറ്റ് വില്‍പ്പന കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എടുത്തിരിക്കുന്നത്.

സിനിമ പ്രദര്‍ശിക്കാന്‍ ആവശ്യമായ സുരക്ഷ ഒരുക്കാമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു തീയറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഉറപ്പ് പാലിക്കപ്പെട്ടില്ല, ചെന്നൈ പിവിആര്‍ തീയറ്ററുകള്‍ക്ക് മുന്നിലെ ലൈറ്റിങ്ങ് ഫ്‌ളക്‌സ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ തകര്‍ത്തു. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. എസ്ഡിപിഐയുടെയും തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തിന്റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

തിരുമംഗലത്ത് വിആര്‍ മാളിന് മുന്നിലും റോയപ്പേട്ട ക്ലോക്ക് ടവറിന് സമീപമുള്ള എക്സ്പ്രസ് അവന്യൂ മാളിന് മുന്നിലും വിരുഗമ്പാക്കം ഐനോക്സ് സിനിമാ ഹാളിലും വേളാച്ചേരിയിലെ പിവിആര്‍ സിനിമാശാലകള്‍ക്ക് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കോയമ്പത്തൂരിലെ് ബ്രൂക്ക്ഫീല്‍ഡ് മാളിന് മുന്നിലും പ്രതിഷേധക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്ഡിപിഐക്കാരായ 65 പേരെയും ടിഎംഎംകെയില്‍ നിന്നുള്ള 64 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച എജിഎസ് കോംപ്ലക്‌സിന് മുന്നില്‍ ടി നഗറില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിയറ്ററിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ജിഎന്‍ ചെട്ടി റോഡില്‍ പ്രതിഷേധക്കാര്‍ ”ദി കേരള സ്റ്റോറി” സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കി.